Last Modified ചൊവ്വ, 15 നവംബര്‍ 2016 (19:53 IST)
രഞ്ജിത്തിന്‍റെ ആദ്യ സംവിധാന സംരംഭമായ ‘രാവണപ്രഭു’ ഒരു ബ്ലോക്ക് ബസ്റ്ററായിരുന്നു. അതിനുശേഷമെത്തിയ രഞ്ജിത് ചിത്രം നന്ദനമായിരുന്നു. ആ സിനിമയും സൂപ്പര്‍ഹിറ്റായി. അതോടെ രഞ്ജിത് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകനായി. എന്നാല്‍ പിന്നീടെത്തിയ ‘മിഴിരണ്ടിലും’ പിഴച്ചു. അതിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി അമ്മക്കിളിക്കൂട് എന്ന പരാജയചിത്രത്തിനും രഞ്ജിത് തിരക്കഥയെഴുതി.
ഈ സാഹചര്യത്തിലാണ് രഞ്ജിത് ‘ബ്ലാക്ക്’ എന്ന സിനിമ സംവിധാനം ചെയ്യുന്നത്. പൂര്‍ണമായും മമ്മൂട്ടി ആരാധകരെ മുന്നില്‍ കണ്ടുകൊണ്ടുള്ള സിനിമ. കാരിക്കാമുറി ഷണ്മുഖന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍ത്തഭിനയിച്ചു. ഒരേസമയം പൊലീസും ഗുണ്ടയുമായിരുന്നു കാരിക്കാമുറി ഷണ്‍മുഖന്‍. കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളും അധോലോകവും ബ്ലാക്ക് വരച്ചുകാട്ടി.
അമല്‍ നീരദായിരുന്നു ചിത്രത്തിന്‍റെ ഛായാഗ്രഹണം. അക്കാലത്ത് രാം ഗോപാല്‍ വര്‍മയുടെ ഹിന്ദിച്ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ചുകൊണ്ടിരുന്ന അമല്‍ നീരദിന്‍റെ മലയാള രംഗപ്രവേശമായിരുന്നു ബ്ലാക്ക്. ലാല്‍ നിര്‍മ്മിച്ച ചിത്രത്തിലെ വില്ലനും ലാല്‍ തന്നെയായിരുന്നു. അഡ്വ. ഡെവിന്‍ കാര്‍ലോസ് പടവീടന്‍ എന്ന വില്ലന്‍ കഥാപാത്രം ലാലിന്‍റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. കവിതചൊല്ലിക്കൊണ്ട് കഴുത്തറക്കുന്ന ഭീകരന്‍.
റഹ്‌മാന്‍ എന്ന നടന്‍റെ തിരിച്ചുവരവിന് കളമൊരുക്കിയ സിനിമ കൂടിയായിരുന്നു ബ്ലാക്ക്. അശോക് ശ്രീനിവാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി റഹ്‌മാന്‍ തിളങ്ങി. ശ്രേയ റെഡ്ഡിയായിരുന്നു നായിക. ബാബു ആന്‍റണി, മോഹന്‍ ജോസ്, ജനാര്‍ദ്ദനന്‍, ഡാനിയല്‍ ബാലാജി, പ്രേംകുമാര്‍, സാദിക്ക് തുടങ്ങിയവര്‍ മികച്ച കഥാപാത്രങ്ങളെ ബ്ലാക്കില്‍ അവതരിപ്പിച്ചു.
ലാലിന്‍റെ സഹോദരന്‍ അലക്സ് പോള്‍ ആയിരുന്നു സംഗീതം. ‘അമ്പലക്കര തെച്ചിക്കാവില്‍ പൂരം’ എന്ന ഗാനമാണ് ബ്ലാക്കില്‍ ഏറ്റവും ശ്രദ്ധേയമായത്. സംവിധായകന്‍ രഞ്ജിത് തന്നെയാണ് ആ ഗാനമെഴുതിയത്. റഹ്‌മാന്‍ വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ നൃത്തം ചെയ്തുകൊണ്ട് മടങ്ങിവന്നു എന്നതാണ് ആ ഗാനരംഗത്തെ ഇത്രയും ജനപ്രിയമാക്കിയത്.
2004 നവംബര്‍ 10നാണ് ‘ബ്ലാക്ക്’ റിലീസായത്. ചിത്രം ഹിറ്റായെങ്കിലും അമിതമായ വയലന്‍സ് രംഗങ്ങള്‍ കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ചില്ല.