ഒന്നും രണ്ടുമല്ല, 11 തവണയാണ് മോഹന്‍ലാല്‍ ഞെട്ടിച്ചത്!

മോഹന്‍ലാല്‍ മലയാള സിനിമയെ പിടിച്ചുകുലുക്കുന്നത് ഇത് പതിനൊന്നാം തവണ!

Mohanlal, Pulimurugan, Drishyam, Vysakh, Priyadarshan, Oppam, മോഹന്‍ലാല്‍, പുലിമുരുകന്‍, ദൃശ്യം, വൈശാഖ്, പ്രിയദര്‍ശന്‍, ഒപ്പം
Last Modified വെള്ളി, 28 ഒക്‌ടോബര്‍ 2016 (15:19 IST)
മലയാള സിനിമയിലെ ഹിറ്റുകളുടെ രാജാവ് മോഹന്‍ലാല്‍ തന്നെയാണ്. മോഹന്‍ലാലിന്‍റെ വമ്പന്‍ ഹിറ്റുകള്‍ മലയാള സിനിമയെ മുന്നോട്ടു നയിക്കാന്‍ പാകത്തില്‍ ശക്തിയുള്ളതാണ്. ഇപ്പോള്‍ പുലിമുരുകന്‍റെ കാര്യം തന്നെയെടുത്താല്‍, ഇതിനുമുമ്പ് ഇത്രയും വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാവുമോ എന്ന ആശങ്ക നിലനിന്നിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും ഒരു കാര്യം മനസിലായി, എത്ര വലിയ ബജറ്റാണെങ്കിലും അതും ഇരട്ടിയും ഇരട്ടിയുടെ ഇരട്ടിയും തിരിച്ചുപിടിക്കാന്‍ കെല്‍പ്പുള്ളതാണ് മലയാള സിനിമാ വ്യവസായം എന്ന്.

മോഹന്‍ലാല്‍ ഇങ്ങനെ സിനിമാലോകത്തെയൊന്നാകെ പിടിച്ചുകുലുക്കുന്ന വിജയം സമ്മാനിക്കുന്നത് ഇതാദ്യമായല്ല. 1986ല്‍ താളവട്ടം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ മോഹന്‍ലാല്‍ ഒരു വമ്പന്‍ ഹിറ്റ് നല്‍കി. താളവട്ടമാണ് ഒരു കോടി രൂപ കളക്ഷന്‍ നേടുന്ന ആദ്യ മലയാള സിനിമ. പിന്നീട് 1987ല്‍ ഇരുപതാം നൂറ്റാണ്ട് എന്ന ബിഗ് ഹിറ്റ് മോഹന്‍ലാല്‍ നല്‍കി. രണ്ടുകോടി രൂപ കളക്ഷന്‍ നേടിയ ആദ്യ മലയാള ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട്.

മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിന്‍റെ തന്നെ ‘ചിത്രം’ 1988ല്‍ മലയാളത്തില്‍ ആദ്യമായി മൂന്നുകോടി കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി. ഇതേ ടീമിന്‍റെ കിലുക്കം മലയാളത്തില്‍ ആദ്യമായി അഞ്ചുകോടി കളക്ഷന്‍ നേടുന്ന സിനിമയായി മാറി.

പിന്നീട് 1993ല്‍ മണിച്ചിത്രത്താഴ് പിറന്നു. 1997ല്‍ ചന്ദ്രലേഖ എന്ന വമ്പന്‍ ഹിറ്റുണ്ടായി. മലയാളത്തിലെ ആദ്യ 10 കോടി സിനിമ. പിന്നീട് ആറാം തമ്പുരാന്‍ എന്ന ഇന്‍ഡസ്ട്രി ഹിറ്റ്. അതിനുശേഷം 2000ല്‍ നരസിംഹം എത്തി. 20 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രമായിരുന്നു നരസിംഹം.

2008ല്‍ ട്വന്‍റി20 എന്ന ബ്രഹ്മാണ്ഡ വിജയമുണ്ടായി. 2013ല്‍ ദൃശ്യം എന്ന മഹാത്ഭുതം സംഭവിച്ചു. ആ സിനിമയാണ് ആദ്യമായി 50 കോടി ക്ലബിലെത്തിയ മലയാളചിത്രം. ഇപ്പോഴിതാ പുലിമുരുകനിലൂടെ മോഹന്‍ലാല്‍ വീണ്ടും എതിരാളികളില്ലാത്ത താരമായി മാറിയിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :