മലയാള സിനിമ നേട്ടത്തിന്‍റെ വഴിയിലാണ്. 2010ലെ ആദ്യ ആറുമാസത്തെ കണക്കെടുപ്പുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തികച്ചും ലാഭകരം. 2009ല്‍ ആകെ റിലീസായ 72 സിനിമകള്‍ അഞ്ചെണ്ണം മാത്രമാണ് ഹിറ്റായത്. ഈ വര്‍ഷം ആദ്യ ആറുമാസത്തില്‍ തന്നെ ഏഴ് ഹിറ്റുകള്‍ ലഭിച്ചിരിക്കുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം നേട്ടം.
ഈ വര്‍ഷം ജൂണ്‍ ആദ്യവാരം വരെ 34 സിനിമകളാണ് റിലീസായത്. ഇതില്‍ ഏഴു സിനിമകള്‍ ഗംഭീരവിജയം നേടി. പരാജയപ്പെട്ടവയാകട്ടെ അത്ര കനത്ത പരാജയമെന്ന് പറയാനുമില്ല. ഈ വര്‍ഷം നേട്ടമുണ്ടാക്കിയ ഏഴുസിനിമകള്‍ ഇവയാണ്:
1. ഹാപ്പി ഹസ്ബന്‍ഡ്സ് - ഈ വര്‍ഷത്തെ ആദ്യ മെഗാഹിറ്റ്. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രം 150 ദിവസത്തിന് ശേഷവും പ്രദര്‍ശനം തുടരുകയാണ്. കൃഷ്ണ പൂജപ്പുരയുടെ രസപ്രദമായ തിരക്കഥയാണ് ഈ സിനിമയുടെ ബലം. ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ തകര്‍ത്തഭിനയിച്ച ഹാപ്പി ഹസ്ബന്‍ഡ്സിന്‍റെ വിജയം സജി സുരേന്ദ്രനെ മലയാളത്തിലെ മുന്‍നിര സംവിധായകനാക്കിയിരിക്കുകയാണ്.
2. ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ - ഹരിഹര്‍ നഗര്‍ സീരീസിലെ ഈ മൂന്നാം ചിത്രവും ആദ്യ രണ്ട് പതിപ്പുകളുടെ വന്‍ വിജയം ആവര്‍ത്തിച്ചു. കോമഡിയും ഹൊററും ചേര്‍ന്ന് ഒരു പുതിയ പരീക്ഷണമാണ് സംവിധായകന്‍ ലാല്‍ ഈ ചിത്രത്തില്‍ നടത്തിയത്. മുകേഷ്, ജഗദീഷ്, അശോകന്‍, സിദ്ദിഖ് കൂട്ടുകെട്ടിന്‍റെ രസതന്ത്രം തന്നെയായിരുന്നു ഗോസ്റ്റ് ഹൌസിന്‍റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. മികച്ച തിരക്കഥയും നല്ല ഗാനങ്ങളും ചിത്രത്തിന് ഗുണമായി.
3. പാപ്പീ അപ്പച്ചാ - പരാജയങ്ങളുടെ പടുകുഴില്‍ പെട്ടുകിടന്ന ദിലീപിന് ആശ്വാസമായി പാപ്പീ അപ്പച്ചായുടെ മെഗാ വിജയം. നവാഗതനായ മമാസ് അണിയിച്ചൊരുക്കിയ ഈ ചിത്രത്തിന് ഏറ്റവും ഗുണമായത് സിനിമാ സമരമാണ്. സമരകാലത്ത് പുതിയ റിലീസുകള്‍ ഇല്ലാതിരുന്നത് ചിത്രത്തിന്‍റെ കളക്ഷനില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാക്കി. ദുര്‍ബലമായ തിരക്കഥയില്‍ നിന്ന് ഒരു മെഗാഹിറ്റുണ്ടായത് മലയാള സിനിമാലോകത്തെയാകെ അമ്പരപ്പിച്ച സംഗതിയാണ്.
4. ജനകന്‍ - ഈ ആറുമാസത്തിനിടെയുണ്ടായ ഏറ്റവും സാമൂഹ്യപ്രസക്തിയുള്ള ചിത്രമായിരുന്നു ജനകന്‍. മോഹന്‍ലാലും സുരേഷ്ഗോപിയും ഒന്നിച്ച ഈ സിനിമ നവാഗതനായ എന്‍ ആര്‍ സഞ്ജീവാണ് സംവിധാനം ചെയ്തത്. എസ് എന്‍ സ്വാമിയുടെ കരുത്തുറ്റ തിരക്കഥയും സുരേഷിന്‍റെയും ലാലിന്‍റെയും തകര്‍പ്പന്‍ പ്രകടനവുമായിരുന്നു ചിത്രത്തിന്‍റെ വിജയത്തിന് കാരണം.
5. പോക്കിരിരാജ - ഈ കാലയളവിലുണ്ടായ ഏറ്റവും വലിയ ഹിറ്റ്. 32 ദിവസം പിന്നിടുമ്പോള്‍ 17 കോടി രൂപയാണ് ഈ ചിത്രത്തിന് ഗ്രോസ് വന്നിരിക്കുന്നത്. മമ്മൂട്ടിയുടെയും പൃഥ്വിരാജിന്‍റെയും സാന്നിധ്യമാണ് ഈ സിനിമയുടെ മെഗാവിജയത്തിന് കാരണം. നവാഗതനായ വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥയെഴുതിയത് ഉദയ്‌കൃഷ്ണയും സിബി കെ തോമസും ചേര്‍ന്നാണ്. ശ്രേയാ സരണ്‍ മലയാളത്തിലെത്തിയ ചിത്രം എന്ന നിലയ്ക്കും പോക്കിരിരാജ ശ്രദ്ധേയമായി. ജാസി ഗിഫ്റ്റ് ഈണം പകര്‍ന്ന എല്ലാ ഗാനങ്ങളും സൂപ്പര്‍ഹിറ്റാണ്.
6. കഥ തുടരുന്നു - സത്യന്‍ അന്തിക്കാടിന്‍റെ അമ്പതാം ചിത്രമായ കഥ തുടരുന്നു സാവധാനമാണ് ഹിറ്റായി മാറിയത്. ആദ്യമുണ്ടായ സമ്മിശ്രപ്രതികരണത്തെ മറികടക്കാന്‍ കുടുംബപ്രേക്ഷകരുടെ പിന്തുണയാണ് സഹായകമായത്. മംമ്തയുടെ കരുത്തുറ്റ കഥാപാത്രമാണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഇളയരാജയുടെ ഗാനങ്ങളും രസകരമായ മുഹൂര്‍ത്തങ്ങളും പ്രേക്ഷകരെ ചിത്രത്തിലേക്ക് അടുപ്പിച്ചു.
7. മമ്മി ആന്‍റ് മി - ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ റിലീസിംഗ് സെന്‍ററുകളില്‍ നിന്ന് 3.10 കോടി രൂപയാണ് ഗ്രോസ് നേടിയത്. അമ്മയും മകളും തമ്മിലുള്ള ഹൃദയബന്ധം ആവിഷ്കരിച്ച ഈ സിനിമയെ കുടുംബപ്രേക്ഷകരാണ് ഹിറ്റാക്കുന്നത്. ഉര്‍വശിയുടെയും അര്‍ച്ചന കവിയുടെയും തകര്‍പ്പന്‍ പ്രകടനവും സുരേഷ്ഗോപിയുടെ അതിഥിവേഷവുമാണ് മമ്മി ആന്‍റ് മിയെ ആകര്‍ഷകമാക്കുന്നത്.