രണ്ടും കല്‍പ്പിച്ച് പ്രിയനും മോഹന്‍ലാലും അത് തീരുമാനിച്ചു, റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ഹിറ്റ് പിറന്നു!

മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ആര്യന്‍, Mohanlal, Priyadarshan, Aryan
BIJU| Last Modified ബുധന്‍, 22 ഓഗസ്റ്റ് 2018 (17:48 IST)
ആക്ഷന്‍ സിനിമകള്‍ എന്നും പ്രിയദര്‍ശനെ മോഹിപ്പിച്ചിരുന്നു. എന്നാല്‍ സ്ഥിരമായി ചെയ്യുന്നത് കോമഡിച്ചിത്രങ്ങളായതുകൊണ്ടും അവയൊക്കെ മികച്ച വിജയം നേടിയിരുന്നതുകൊണ്ടും പ്രിയന്‍ ആക്ഷന്‍റെ വഴി നടക്കാന്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ എങ്ങനെയോ ധൈര്യം സംഭരിച്ച് ‘ചെപ്പ്’ എന്ന ആക്ഷന്‍ സിനിമ പ്രിയന്‍ ഒരുക്കി. ആ മോഹന്‍ലാല്‍ ചിത്രം ഒരു ഹിറ്റ് ആയിരുന്നു. ക്ലാസ് ഓഫ് 1984 എന്ന കനേഡിയ ചിത്രത്തില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ടതായിരുന്നു ചെപ്പ്.

ചെപ്പ് വിജയമായതോടെ പ്രിയദര്‍ശനും മോഹന്‍ലാലിനും ധൈര്യമായി. അങ്ങനെ ഒരു വലിയ ആക്ഷന്‍ ത്രില്ലറിന് തന്നെ അവര്‍ പ്ലാനിട്ടു. തിരക്കഥയെഴുതാനായി ആക്ഷന്‍ ത്രില്ലറുകള്‍ എഴുതുന്നതില്‍ രാജാവായ ടി ദാമോദരനെ വരുത്തി. അവിടെ നിന്ന് ഒരു വലിയ സിനിമയുടെ കഥ തുടങ്ങുകയാണ്.

ദേവനാരായണന്‍ എന്ന അമ്പലവാസി പയ്യന്‍ നാടുവിട്ട് ബോംബെയിലെത്തി. അവിടെ അവനെ കാത്തിരുന്നത് അധോലോകത്തിന്‍റെ ചോരമണക്കുന്ന വഴികളായിരുന്നു. അവിടെ അവന്‍ രാജാവായി. ബോംബെ അധോലോകം അവന്‍റെ ചൊല്‍പ്പടിയില്‍ നിന്നു. എല്ലാം ഉപേക്ഷിച്ച് നാട്ടില്‍ മടങ്ങിയെത്തിയ അവനെ കാത്തിരുന്നതും അത്ര ശുഭകരമായ കാര്യങ്ങളായിരുന്നില്ല.

ബോംബെ അധോലോകത്തിന്‍റെ കഥ പറഞ്ഞ ഈ സിനിമയുടെ പേര് ‘ആര്യന്‍’. ദേവനാരായണന്‍ എന്ന നായകനായി മോഹന്‍ലാല്‍. പ്രിയദര്‍ശന്‍റെ ലക്ഷണമൊത്ത ആദ്യ ആക്ഷന്‍ സിനിമ. 1988ല്‍ പുറത്തിറങ്ങിയ ഈ സിനിമ ബ്ലോക്ക് ബസ്റ്ററായിരുന്നു. അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ ചിത്രം തിരുത്തിയെഴുതി.

വെള്ളാനകളുടെ നാട്, ആര്യന്‍, ചിത്രം എന്നീ പ്രിയദര്‍ശന്‍ സിനിമകള്‍ നാലുമാസങ്ങളുടെ ഇടവേളയിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഇവ മൂന്നും വമ്പന്‍ ഹിറ്റുകളായി മാറി.

ആര്യന് ശേഷം പ്രിയദര്‍ശന്‍ - ടി ദാമോദരന്‍ ടീം ഒരുക്കിയ അധോലോക സിനിമയായിരുന്നു അഭിമന്യു. ഈ സിനിമയ്ക്കും പശ്ചാത്തലം മുംബൈ അധോലോകമായിരുന്നു. ഹരികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഹരികൃഷ്ണന്‍ ‘ഹരിയണ്ണ’ എന്ന അധോലോക നായകനായി മാറുന്ന കഥയായിരുന്നു അഭിമന്യു പറഞ്ഞത്.

വാളെടുത്തവന്‍ വാളാല്‍ എന്ന സാമാന്യനിയമം ഹരിയണ്ണനെയും കാത്തിരിപ്പുണ്ടായിരുന്നു. അധോലോക ഭരണത്തിനൊടുവില്‍ ഒരു പലായനത്തിനിടെ അയാള്‍ പൊലീസിന്‍റെ വെടിയുണ്ടകള്‍ക്ക് ഇരയായി.

‘ക്രൈം നെവര്‍ പെയ്സ്’ എന്നായിരുന്നു അഭിമന്യുവിന്‍റെ ടാഗ്‌ലൈന്‍. ചിത്രം വന്‍ ഹിറ്റായി മാറി. അടുത്തിടെ കെ ബി ഗണേഷ്കുമാര്‍ പറഞ്ഞത് “അഭിമന്യു ഇപ്പോള്‍ ടി വിയില്‍ കാണുമ്പോഴും ആ സിനിമയുടെ പെര്‍ഫെക്ഷന്‍ കണ്ട് അത്ഭുതപ്പെടാറുണ്ട്” എന്നാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :