ഏകലവ്യന്‍റെ തിരക്കഥ വായിച്ചിട്ട് മമ്മൂട്ടി പറഞ്ഞു - “ഞാന്‍ വേണ്ട, മാധവനായി സുരേഷ്ഗോപി മതി” !

മമ്മൂട്ടി, ഏകലവ്യന്‍, ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍, സുരേഷ്ഗോപി, Mammootty, Shaji Kailas, Ekalavyan, Renji Panicker, Suresh Gopi
BIJU| Last Modified ബുധന്‍, 12 ഡിസം‌ബര്‍ 2018 (10:29 IST)
കേരളത്തില്‍ ഡ്രഗ് മാഫിയ പിടിമുറുക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന കാലം. അതിനെതിരെയാകട്ടെ തങ്ങളുടെ അടുത്ത സിനിമയെന്ന് ഷാജി കൈലാസും രണ്‍ജി പണിക്കരും തീരുമാനിച്ചു. ഒപ്പം, കപടസ്വാമിമാരുടെ മുഖംമൂടി പൊളിച്ചുകാട്ടണമെന്നും ആലോചിച്ചു. അതിന്‍റെ ഫലമായിരുന്നു ‘ഏകലവ്യന്‍’.

ആന്‍റി നാര്‍ക്കോട്ടിക് വിംഗ് തലവന്‍ മാധവന്‍ എന്ന കഥാപാത്രമാകാന്‍ മമ്മൂട്ടിയെ ആയിരുന്നു ഷാജി ആദ്യം സമീപിച്ചത്. എന്നാല്‍ തിരക്കഥ വായിച്ചിട്ട് മമ്മൂട്ടി ‘ഇത് സുരേഷ്ഗോപി ചെയ്താല്‍ നന്നായിരിക്കും’ എന്ന നിര്‍ദ്ദേശം വച്ചു. താന്‍ അഭിനയിക്കുന്നില്ലെന്നും അറിയിച്ചു. എന്താണ് ആ തിരക്കഥ വേണ്ടെന്ന് വയ്ക്കാന്‍ മമ്മൂട്ടിയെ പ്രേരിപ്പിച്ച ഘടകം എന്ന് ഇന്നും ആര്‍ക്കും വ്യക്തമല്ല.

മമൂട്ടി പറഞ്ഞതുപോലെ ഷാജി കൈലാസും രണ്‍ജിയും ഏകലവ്യന്‍റെ തിരക്കഥയുമായി സുരേഷ്ഗോപിയിലേക്കെത്തി. ഈ സിനിമയോടെ മമ്മൂട്ടിക്കും, മോഹന്‍ലാലിനുമൊപ്പം മൂന്നാമത്തെ സൂപ്പര്‍താരമായി സുരേഷ്ഗോപി മാറി. മാധവനായി സുരേഷ്ഗോപി ജ്വലിച്ചു. സ്വാമി അമൂര്‍ത്താനന്ദ എന്ന കഥാപാത്രത്തെ നരേന്ദ്രപ്രസാദ് അനശ്വരമാക്കി.

“എടോ, ഒരു സന്യാസിക്ക് തെമ്മാടിയാകാം. തെമ്മാടിക്ക് ഒരിക്കലും ഒരു സന്യാസിയാകാനാവില്ല. കണ്ണിമേരാ മാര്‍ക്കറ്റിലും സെക്രട്ടേറിയറ്റിന്‍റെ പിന്നിലും ഒന്നരയണയ്ക്ക് കഞ്ചാവ് വിറ്റുനടന്ന ഒരു ചരിത്രമില്ലേ തനിക്ക്?. അതെല്ലാം തെളിയിച്ചിട്ടേ മാധവന്‍ പോകൂ. ആയുഷ്മാന്‍ ഭവഃ” - ഏകലവ്യനിലെ ഡയലോഗുകള്‍ തിയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിച്ചു.

ഒരു ആള്‍ദൈവത്തെ വില്ലനായി ചിത്രീകരിച്ചതിന്‍റെ ഭവിഷ്യത്തുകള്‍ ഏകലവ്യന്‍റെ റിലീസിന് ശേഷം ഷാജി കൈലാസും രണ്‍ജി പണിക്കരും അനുഭവിച്ചു. ഇരുവരുടെയും വീടുകള്‍ ആക്രമിക്കപ്പെട്ടു. സിനിമയുടെ പ്രദര്‍ശനം തടയാനും ശ്രമമുണ്ടായി. 150 ദിവസമാണ് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഏകലവ്യന്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.

“ആ കാലഘട്ടത്തില്‍ ഇന്ത്യയിലെ ഭരണം നിയന്ത്രിച്ചിരുന്നതു കുപ്രസിദ്ധനായ ഒരു സ്വാമിയായിരുന്നു. ആ സ്വാമിയെയാണ് നരേന്ദ്രപ്രസാദിലൂടെ ഞങ്ങള്‍ ചിത്രീകരിച്ചത്‌” - ഷാജി കൈലാസ് പിന്നീട് ഒരഭിമുഖത്തില്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :