Last Updated:
തിങ്കള്‍, 12 ഡിസംബര്‍ 2016 (10:30 IST)
കേരളത്തില്‍ ഡ്രഗ് മാഫിയ പിടിമുറുക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന കാലം. അതിനെതിരെയാകട്ടെ തങ്ങളുടെ അടുത്ത സിനിമയെന്ന് ഷാജി കൈലാസും രണ്‍ജി പണിക്കരും തീരുമാനിച്ചു. ഒപ്പം, കപടസ്വാമിമാരുടെ മുഖംമൂടി പൊളിച്ചുകാട്ടണമെന്നും ആലോചിച്ചു. അതിന്‍റെ ഫലമായിരുന്നു ‘ഏകലവ്യന്‍’.
ആന്‍റി നാര്‍ക്കോട്ടിക് വിംഗ് തലവന്‍ മാധവന്‍ എന്ന കഥാപാത്രമായി സുരേഷ്ഗോപി ജ്വലിച്ചു. മമ്മൂട്ടിയെ ആയിരുന്നു മാധവന്‍ ആകാനായി ഷാജി ആദ്യം സമീപിച്ചത്. പല കാരണങ്ങളാല്‍ മമ്മൂട്ടി ഈ സിനിമ വേണ്ടെന്നുവച്ചു. പകരം സുരേഷ്ഗോപിയെത്തുകയായിരുന്നു. ഈ സിനിമയോടെ മമ്മൂട്ടിക്കും, മോഹന്‍ലാലിനുമൊപ്പം മൂന്നാമത്തെ സൂപ്പര്‍താരമായി സുരേഷ്ഗോപി മാറുകയായിരുന്നു. സ്വാമി അമൂര്‍ത്താനന്ദ എന്ന കഥാപാത്രത്തെ നരേന്ദ്രപ്രസാദ് അനശ്വരമാക്കി.
“എടോ, ഒരു സന്യാസിക്ക് തെമ്മാടിയാകാം. തെമ്മാടിക്ക് ഒരിക്കലും ഒരു സന്യാസിയാകാനാവില്ല. കണ്ണിമേരാ മാര്‍ക്കറ്റിലും സെക്രട്ടേറിയറ്റിന്‍റെ പിന്നിലും ഒന്നരയണയ്ക്ക് കഞ്ചാവ് വിറ്റുനടന്ന ഒരു ചരിത്രമില്ലേ തനിക്ക്?. അതെല്ലാം തെളിയിച്ചിട്ടേ മാധവന്‍ പോകൂ. ആയുഷ്മാന്‍ ഭവഃ” - ഏകലവ്യനിലെ ഡയലോഗുകള്‍ തിയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിച്ചു.
ഒരു ആള്‍ദൈവത്തെ വില്ലനായി ചിത്രീകരിച്ചതിന്‍റെ ഭവിഷ്യത്തുകള്‍ ഏകലവ്യന്‍റെ റിലീസിന് ശേഷം ഷാജി കൈലാസും രണ്‍ജി പണിക്കരും അനുഭവിച്ചു. ഇരുവരുടെയും വീടുകള്‍ ആക്രമിക്കപ്പെട്ടു. സിനിമയുടെ പ്രദര്‍ശനം തടയാനും ശ്രമമുണ്ടായി. 150 ദിവസമാണ് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഏകലവ്യന്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.
“ആ കാലഘട്ടത്തില്‍ ഇന്ത്യയിലെ ഭരണം നിയന്ത്രിച്ചിരുന്നതു കുപ്രസിദ്ധനായ ഒരു സ്വാമിയായിരുന്നു. ആ സ്വാമിയെയാണ് നരേന്ദ്രപ്രസാദിലൂടെ ഞങ്ങള്‍ ചിത്രീകരിച്ചത്. ഏകലവ്യനിലെ നായകന്‍ സുരേഷ് ഗോപിയായിരുന്നു. എന്തുകൊണ്ട് സുരേഷ് ഗോപി എന്നു പലരും ചോദിച്ചു. ഞാനും സുരേഷ് ഗോപിയും തമ്മില്‍ ആദ്യ ചിത്രം മുതലേ നല്ല കെമിസ്‌ട്രിയായിരുന്നു. ഡയലോഗ് പ്രസന്‍റേഷന്‍ നല്ലതാണ്. നല്ല സൗന്ദര്യം. ആ കഥാപാത്രം സുരേഷ് ഗോപിയില്‍ സുരക്ഷിതമായിരുന്നു” - ഷാജി കൈലാസ് പിന്നീട് ഒരഭിമുഖത്തില്‍ വ്യക്തമാക്കി.