BIJU|
Last Modified ചൊവ്വ, 30 മെയ് 2017 (14:15 IST)
ആക്ഷന്‍ സിനിമകളോട് മമ്മൂട്ടിക്ക് ഒരു പ്രത്യേക അഭിനിവേശമുണ്ട്. അതുകൊണ്ടാണ് കാലമെത്രകഴിഞ്ഞാലും മമ്മൂട്ടി അഭിനയിച്ച ആക്ഷന്‍ സിനിമകള്‍ നിറം മങ്ങാതെ നില്‍ക്കുന്നത്. ആക്ഷന് വേണ്ടിയുള്ള ആക്ഷനായിരുന്നില്ല ആ സിനിമകളില്‍ ഉണ്ടായിരുന്നത്. അതില്‍ ജീവിതമുണ്ടായിരുന്നു. സംഘര്‍ഷങ്ങളിലേക്ക് സ്വാഭാവികമായ പരിണതികളുണ്ടായിരുന്നു.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആക്ഷന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിജയിപ്പിച്ചവരില്‍ ഒരാള്‍ മമ്മൂട്ടിയാണ്. അവയൊന്നും നമ്മള്‍ കാണാതിരുന്നുകൂടാ. ചരിത്രം മറക്കാന്‍ പാടില്ല. മമ്മൂട്ടി വന്‍ വിജയമാക്കിയ ചില ആക്ഷന്‍ സിനിമകളെ ഇവിടെ ചൂണ്ടിക്കാണിക്കട്ടെ...
കൊല്ലാന്‍ അജ്ഞാതന്‍, തടയാന്‍ മമ്മൂട്ടി !
കെ ജി രാമചന്ദ്രന്‍ എന്ന കെ ജി ആര്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ചിലര്‍ തീരുമാനമെടുക്കുന്നു. ഒരു വാടകക്കൊലയാളിയെ അതിനായി ചുമതലപ്പെടുത്തുന്നു. മുഖ്യമന്ത്രി 15 ദിവസത്തിനകം കൊല്ലപ്പെടുമെന്ന് ഒരു സന്ദേശം ഓഗസ്റ്റ് ഒന്നിന് ഒരു പത്രത്തിന് ലഭിക്കുന്നു. അതായത് ഓഗസ്റ്റ് 15ന് മുഖ്യമന്ത്രി കൊല്ലപ്പെടുമത്രെ.
പൊലീസ് ഇക്കാര്യം അന്വേഷിക്കാനായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നു - ഡി എസ് പി പെരുമാള്‍! തന്‍റേതായ അന്വേഷണരീതികളിലൂടെ അയാള്‍ ആ വാടകക്കൊലയാളിയിലേക്കെത്തുന്നു. ഓഗസ്റ്റ് 15ന് വാടകക്കൊലയാളി തന്‍റെ ഉദ്യമം നിറവേറ്റുന്നതിന് മുമ്പ് പെരുമാള്‍ അയാളെ വെടിവച്ചുവീഴ്ത്തുന്നു.
മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഡി എസ് പി പെരുമാള്‍. എസ് എന്‍ സ്വാമി രചിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത ‘ഓഗസ്റ്റ് 1’ എന്ന ചിത്രത്തിലെ കഥാപാത്രം.
1988 ജൂലൈ 21ന് റിലീസായ ‘ഓഗസ്റ്റ് 1’ തകര്‍പ്പന്‍ വിജയമാണ് നേടിയത്. സിബി മലയിലിന്‍റെ പതിവുരീതികളില്‍ നിന്ന് വ്യത്യസ്തമായ ചിത്രമായിരുന്നു ഇത്. ക്യാപ്ടന്‍ രാജു അവതരിപ്പിച്ച വാടകക്കൊലയാളിയും സുകുമാരന്‍ അവതരിപ്പിച്ച മുഖ്യമന്ത്രിക്കഥാപാത്രവും മമ്മൂട്ടിയുടെ പെരുമാളിനൊപ്പം തന്നെ പേരുനേടി.
അധികാരത്തിന്‍റെ അവതാരം
1993ല്‍ റിലീസായ ധ്രുവം മമ്മൂട്ടിയുടെ ഏറ്റവും കരുത്തുറ്റ ഒരു കഥാപാത്രത്തെയാണ് മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്. നരസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. അധികാരത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും അവതാരരൂപമാണ് മന്നാഡിയാര്‍. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ വിരിഞ്ഞ ഈ കഥാപാത്രത്തിന്‍റെ ചുവടുപിടിച്ച് പിന്നീട് സൂപ്പര്‍താരങ്ങള്‍ തന്നെ എത്രയോ വേഷങ്ങള്‍ കെട്ടിയാടി.
തമിഴകത്ത് പിന്നീട് സൂപ്പര്‍താരമായി മാറിയ വിക്രം അഭിനയിച്ച ആദ്യ മലയാള ചിത്രമാണ് ധ്രുവം. മമ്മൂട്ടിയുടെ നായികയായി ഗൌതമിയാണ് അഭിനയിച്ചത്. പിന്നീട് ജാക്പോട്ട്, സുകൃതം എന്നീ സിനിമകളിലും മമ്മൂട്ടി - ഗൌതമി ജോഡി ആവര്‍ത്തിച്ചു. ജോഷിക്കുവേണ്ടി എസ് എന്‍ സ്വാമി എഴുതിയ രണ്ടാമത്തെ തിരക്കഥയായിരുന്നു ധ്രുവം. കഥ എ കെ സാജന്‍റേതായിരുന്നു.
നായകസങ്കല്‍പ്പം തിരുത്തി മമ്മൂട്ടി
1986ല്‍ സംഭവിച്ച അത്ഭുതമായിരുന്നു ആവനാഴി. ഐ വി ശശി - ടി ദാമോദരന്‍ ടീമിന്‍റെ ഈ മമ്മൂട്ടി സിനിമ മെഗാഹിറ്റായി മാറി. അന്നുവരെ കണ്ടുപരിചയിച്ച നായക സങ്കല്‍പ്പത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച ഇന്‍സ്പെക്ടര്‍ ബല്‍റാം.
പച്ചത്തെറി പറയുകയും പരസ്യമായി കള്ളുകുടിക്കുകയും വ്യഭിചരിക്കുകയും ചെയ്യുന്ന ഒരു പൊലീസുദ്യോഗസ്ഥനായിരുന്നു ബല്‍റാം. എന്നാല്‍ സിനിമയ്ക്ക് ഇടിച്ചുകയറിയത് കുടുംബപ്രേക്ഷകര്‍ തന്നെയായിരുന്നു. ആ സമയത്ത് അല്‍പ്പം മങ്ങിനില്‍ക്കുകയായിരുന്നു മമ്മൂട്ടിയുടെ കരിയര്‍ ഗ്രാഫ്. ആവനാഴി നേടിയ വന്‍ വിജയം മമ്മൂട്ടിക്ക് നല്‍കിയ മൈലേജ് ചെറുതൊന്നുമല്ല.
രണ്ടുമണിക്കൂര്‍ 36 മിനിറ്റായിരുന്നു ആവനാഴിയുടെ ദൈര്‍ഘ്യം. അത്രയും നേരവും പ്രേക്ഷകര്‍ മമ്മൂട്ടിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ആസ്വദിക്കുകയായിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആവനാഴിയിലെ ബല്‍റാമിനെ വെല്ലുന്ന ഒരു പൊലീസ് കഥാപാത്രം മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല.
വിരൂപനായ മമ്മൂട്ടി !
ഭാര്യയുടെ കൊലയാളിയാണ് രവിവര്‍മ. ജയില്‍പ്പുള്ളിയാണ്. ഭാര്യ കൊല്ലപ്പെടുന്നതിന് മുമ്പ് അവളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചവനാണ് അയാള്‍. അയാള്‍ക്ക് അവള്‍ നല്ലൊരു മോഡല്‍ മാത്രമായിരുന്നു. ‘നിറക്കൂട്ട്’ എന്ന സിനിമയില്‍ പൂര്‍ണമായും ഒരു നെഗറ്റീവ് കഥാപാത്രമായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച രവിവര്‍മ. എന്നിട്ടും ആ സിനിമയെ കുടുംബപ്രേക്ഷകര്‍ നെഞ്ചിലേറ്റി
1985ലാണ് നിറക്കൂട്ട് പ്രദര്‍ശനത്തിനെത്തുന്നത്. സുന്ദരനായ മമ്മൂട്ടി മലയാള സിനിമയിലെ ഏറ്റവും വലിയ വാണിജ്യഘടകമായിരുന്ന കാലത്ത് വിരൂപനായ മമ്മൂട്ടിയെ അവതരിപ്പിച്ചതാണ് നിറക്കൂട്ടിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഡെന്നിസ് ജോസഫായിരുന്നു ഈ സിനിമയുടെ തിരക്കഥ രചിച്ചത്.
ഒരു കൊമേഴ്സ്യല്‍ സിനിമയ്ക്ക് വേണ്ട എല്ലാ ഘടകങ്ങളും ജോഷി - ഡെന്നിസ് ജോസഫ് ടീം ഒരുക്കിയിരുന്നു. മാധ്യമലോകത്തിന്‍റെ പശ്ചാത്തലവും ജയിലും പ്രതികാരവും എല്ലാം കൃത്യ അളവില്‍ ചേര്‍ത്ത് ഒരു വന്‍ ഹിറ്റ് സൃഷ്ടിക്കുകയായിരുന്നു ജോഷി.
പ്രധാന കേന്ദ്രങ്ങളില്‍ നിറക്കൂട്ട് 250 ദിവസത്തിലേറെ പ്രദര്‍ശിപ്പിച്ചു. മമ്മൂട്ടിക്ക് ഏറെ പുരസ്കാരങ്ങള്‍ നേടിക്കൊടുത്ത നിറക്കൂട്ടിന്‍റെ സംഗീത സംവിധാനം ശ്യാം ആയിരുന്നു.
ജി കെ എന്ന വിസ്മയം !
വീണ്ടും, ന്യായവിധി, സായം സന്ധ്യ എന്നീ സിനിമകള്‍ തുടര്‍ച്ചയായി തകര്‍ന്നപ്പോള്‍ മമ്മൂട്ടി - ജോഷി ടീം അതോടെ തീര്‍ന്നു എന്ന് ഏവരും വിധിയെഴുതി. എന്നാല്‍ ‘ന്യൂഡെല്‍ഹി’ എന്ന ഒറ്റച്ചിത്രത്തിലൂടെ ആ ടീം ഉയിര്‍ത്തെഴുന്നേറ്റു. മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്‍റെ ഉദയം കൂടിയായിരുന്നു ന്യൂഡെല്‍ഹി എന്ന ചിത്രം.
ഇര്‍വിങ് വാലസ് എന്ന അമേരിക്കന്‍ എഴുത്തുകാരന്‍റെ ഒരു നോവലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഡെന്നിസ് ജോസഫ് ന്യൂഡെല്‍ഹിക്ക് തിരക്കഥ എഴുതിയത്. ജി കൃഷ്ണമൂര്‍ത്തി എന്ന പത്രാധിപരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഈ ആക്ഷന്‍ ചിത്രത്തില്‍ മമ്മൂട്ടിക്ക് സ്റ്റണ്ട് രംഗങ്ങള്‍ ഇല്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അയാള്‍ വികലാംഗനാണ്. എന്നാല്‍ അയാളാണ് എല്ലാ കുറ്റകൃത്യങ്ങളും നിയന്ത്രിക്കുന്നത്. മമ്മൂട്ടിയുടെ പക്വതയാര്‍ന്ന അഭിനയവും കഥാപാത്രത്തിന്‍റെ കരുത്തും കൊണ്ട് ന്യൂഡെല്‍ഹി ചരിത്ര വിജയമായി.
മോഹന്‍ലാല്‍ - പത്മരാജന്‍ കൂട്ടുകെട്ടിന്‍റെ ഏറ്റവും മികച്ച ചിത്രമായ തൂവാനത്തുമ്പികളും മമ്മൂട്ടിയുടെ ന്യൂഡെല്‍ഹിയും ഒരേ സമയമാണ് റിലീസായത്. മികച്ച ചിത്രമെന്ന അഭിപ്രായം നേടിയെങ്കിലും തൂവാനത്തുമ്പികള്‍ വലിയ സാമ്പത്തികവിജയം നേടാതെ പോയത് ന്യൂഡെല്‍ഹിയുടെ പ്രകടനം ഒന്നുകൊണ്ടുമാത്രമായിരുന്നു.
1987ല്‍ 29 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച സിനിമയായിരുന്നു ന്യൂഡല്‍ഹി. രണ്ടുകോടിയിലേറെ രൂപ ചിത്രം ഗ്രോസ് കളക്ഷന്‍ നേടി.
ആണത്തമുള്ള നായകന്‍ !
1995ല്‍ അത് സംഭവിച്ചു - ജോസഫ് അലക്സ് തേവള്ളിപ്പറമ്പില്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍റെ കഥയുമായി ‘ദി കിംഗ്’.
മലയാള സിനിമയെ കിടിലം കൊള്ളിച്ച വിജയമായിരുന്നു ദി കിംഗ് നേടിയത്. മമ്മൂട്ടിയും മുരളിയും വിജയരാഘവനും രാജന്‍ പി ദേവും ഗണേഷും ദേവനും വാണി വിശ്വനാഥുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ സുരേഷ്ഗോപി അതിഥിതാരമായെത്തി.
“കളി എന്നോടും വേണ്ട സാര്‍. ഐ ഹാവ് ആന്‍ എക്സ്ട്രാ ബോണ്‍. ഒരെല്ല് കൂടുതലാണെനിക്ക്” - എന്ന് മന്ത്രിപുംഗവന്‍റെ മുഖത്തടിക്കുന്നതുപോലെ ആക്രോശിച്ചുകൊണ്ട് ജോസഫ് അലക്സ് തകര്‍ത്താടി. ഷാജി കൈലാസിന്‍റെ ഫ്രെയിം മാജിക്കിന്‍റെ പരകോടിയായിരുന്നു ദി കിംഗ്. ആ സിനിമയോടെ ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീം പിരിഞ്ഞു.
“സാധാരണക്കാരെപ്പോലെ ലുങ്കിയുടുത്തു നിരത്തിലേക്കിറങ്ങി പല കാര്യങ്ങളും ചെയ്‌തിരുന്ന അന്നത്തെ ആലപ്പുഴ ജില്ലാ കലക്‌ടറാണ് കിംഗിന്‍റെ പ്രചോദനം. ആലപ്പുഴ കലക്‌ടര്‍ കൊള്ളാമല്ലോ എന്ന തോന്നലാണ് എന്തുകൊണ്ട് ഒരു കലക്‌ടറെ നായകനാക്കി സിനിമ ചെയ്‌തുകൂടാ എന്നു ചിന്തിപ്പിച്ചത്. കലക്‌ടര്‍ ബ്യൂറോക്രാറ്റാണ്. ബ്യൂറോക്രാറ്റും പൊളിറ്റിക്‌സും തമ്മില്‍ പ്രശ്‌നമാകില്ലേ എന്നൊരു ശങ്ക ഞങ്ങള്‍ക്കുണ്ടായിരുന്നു. തന്‍റെ പവര്‍ എന്തെന്നറിഞ്ഞ് അതിനനുസരിച്ചു പ്രവര്‍ത്തിച്ചത് ടി എന്‍ ശേഷനാണ്. അതുപോലെയാണ് കിംഗിലെ കലക്‌ടര്‍ ചെയ്‌തത്. ഇതുപോലെ പലരും തങ്ങളുടെ പവര്‍ കാണിച്ചിരുന്നെങ്കില്‍ ഈ രാജ്യത്തെ അക്രമവും അഴിമതിയും ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയുമായിരുന്നു” - ഷാജി കൈലാസ് പറയുന്നു.
മമ്മൂട്ടിയുടെയും ഷാജി കൈലാസിന്‍റെയും രണ്‍ജി പണിക്കരുടെയും കരിയറിലെ നാഴികക്കല്ലായിരുന്നു ദി കിംഗ്. രണ്ടരക്കോടി രൂപ മുടക്കി നിര്‍മ്മിച്ച കിംഗ് മലയാള സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി. പല പ്രമുഖ കേന്ദ്രങ്ങളിലും ചിത്രം 200 ദിനങ്ങള്‍ പിന്നിട്ടു.
ഇവനാണ് അധോലോക നായകന്‍ !
21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോമോന്‍ സംവിധാനം ചെയ്ത സാമ്രാജ്യം ഒരു മെഗാഹിറ്റ് സിനിമയായിരുന്നു. സാമ്രാജ്യത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അലക്സാണ്ടര്‍ എന്ന അധോലോക നായകന്‍ യുവപ്രേക്ഷകരുടെ ആവേശമായി മാറി. സംവിധായകന്‍ ജോമോന്‍റെ ആദ്യ ചിത്രമായിരുന്നു അത്. അതിന് ശേഷം അനശ്വരം, ജാക്പോട്ട്, യാദവം, കര്‍മ, സിദ്ദാര്‍ത്ഥ, ഉന്നതങ്ങളില്‍, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്നീ സിനിമകള്‍ ജോമോന്‍ ഒരുക്കി. എന്നാല്‍ ഈ സിനിമകളൊന്നും സാമ്രാജ്യം എന്ന ചിത്രത്തിന്‍റെ വിജയം ആവര്‍ത്തിച്ചില്ല.
ഷിബു ചക്രവര്‍ത്തിയാണ് സാമ്രാജ്യത്തിന് തിരക്കഥ രചിച്ചത്. ത്രില്ലടിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു സാമ്രാജ്യം. ഇന്ത്യയിലെ വമ്പന്‍ ഗാംഗ്സ്റ്റര്‍ ചിത്രങ്ങളായ ഹം, ബാഷ തുടങ്ങിയ സിനിമകള്‍ക്ക് പ്രചോദനമായത് സാമ്രാജ്യത്തിന്‍റെ വിജയമായിരുന്നു. ഇളയരാജയുടെ സംഗീതവും ഈ സിനിമയുടെ പ്രത്യേകതയായിരുന്നു.
കൊച്ചി പഴയ കൊച്ചിയായിരിക്കില്ല !
ബിലാല്‍ ജോണ്‍ കുരിശിങ്കല്‍. “കൊച്ചി പഴയ കൊച്ചിയായിരിക്കില്ല, പക്ഷേ ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ്” - എന്ന ഡയലോഗ് സൃഷ്ടിച്ച പ്രകമ്പനം ഇനിയും ഒഴിഞ്ഞുപോയിട്ടില്ല. മമ്മൂട്ടിയുടെ ഏറ്റവും മികച്ച ആക്ഷന്‍ കഥാപാത്രമായിരുന്നു ബിലാല്‍. അമല്‍ നീരദ് എന്ന സ്റ്റൈഷ് ചിത്രങ്ങളുടെ സംവിധായകന്‍റെ ആദ്യ സിനിമയായിരുന്നു ബിഗ്ബി.
‘ഫോര്‍ ബ്രദേഴ്സ്’ എന്ന അമേരിക്കന്‍ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അമല്‍ നീരദ് ബിഗ്ബി ഒരുക്കിയത്. ഈ സിനിമയോടെ സ്റ്റൈലിഷ് ആക്ഷന്‍ സിനിമകളുടെ ഒരു പെരുമഴക്കാലം തന്നെ മലയാളത്തിലുണ്ടായി. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടി വലിയൊരു അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത് വാര്‍ത്തയായിരുന്നു.
2007 ഏപ്രില്‍ 13ന് റിലീസ് ചെയ്ത ബിഗ്ബിയുടെ ഛായാഗ്രഹണം സമീര്‍ താഹിറായിരുന്നു. സമീര്‍ പിന്നീട് ചാപ്പാകുരിശ് എന്ന ശ്രദ്ധേയ ചിത്രമൊരുക്കി.
പൊലീസുകാരനും അധോലോക ഗുണ്ടയും !
2004 നവംബര്‍ 10നാണ് രഞ്ജിത് സംവിധാനം ചെയ്ത ‘ബ്ലാക്ക്’ റിലീസായത്. കാരിക്കാമുറി ഷണ്മുഖന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച സിനിമ. അമല്‍ നീരദായിരുന്നു ചിത്രത്തിന്‍റെ ഛായാഗ്രഹണം. ഡെവിന്‍ കാര്‍ലോസ് പടവീടന്‍ എന്ന വില്ലന്‍ കഥാപാത്രമായി ലാല്‍ മിന്നിത്തിളങ്ങി. ലാല്‍ തന്നെയായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം.
കൊച്ചിയിലെ അധോലോകത്തിന്‍റെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും കഥയായിരുന്നു ബ്ലാക്ക് എന്ന ആക്ഷന്‍ ത്രില്ലര്‍ പറഞ്ഞത്. ഒരേ സമയം പൊലീസുകാരനും അധോലോക ഗുണ്ടയുമായി മമ്മൂട്ടി വ്യത്യസ്തമായ പ്രകടനം നടത്തി. റഹ്‌മാന്‍ എന്ന നടന്‍റെ തിരിച്ചുവരവിന് കളമൊരുക്കിയ സിനിമ കൂടിയായിരുന്നു ബ്ലാക്ക്.
രണ്‍ജിയുടെ എഴുത്തിന്‍റെ മൂര്‍ച്ച
“ഐ ഹാവ് നോ ഫ്രസ്ട്രേഷന്‍” - നരേന്ദ്രന്‍ എന്ന നരി ജ്വലിച്ചു. തിയേറ്ററില്‍ കൈയടിയുടെ ഇടിമുഴക്കം. രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ‘രൌദ്രം’ എന്ന സിനിമ മമ്മൂട്ടിയുടെ കൃത്യവും സ്ഫോടനാത്മകവുമായ ഡയലോഗ് ഡെലിവറിക്ക് ഏറ്റവും വലിയ ഉദാഹരണമാണ്. 2008 ജനുവരി 25നാണ് രൌദ്രം റിലീസായത്. ചിത്രം വലിയൊരു വിജയമായില്ലെങ്കിലും നരേന്ദ്രന്‍ എന്ന കഥാപാത്രം ആണത്തത്തിന്‍റെ ആള്‍രൂപമായി തലയുയര്‍ത്തി നില്‍ക്കുന്ന ഒന്നാണ്.
‘ഭരത്ചന്ദ്രന്‍ ഐ പി എസ്’ എന്ന മെഗാഹിറ്റിന് ശേഷം രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു രൌദ്രം. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ വിഭാഗീയത ചര്‍ച്ച ചെയ്ത സിനിമ എന്ന നിലയില്‍ രൌദ്രം ശ്രദ്ധിക്കപ്പെട്ടു. സായികുമാര്‍, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, രാജന്‍ പി ദേവ് തുടങ്ങിയവരുടെ പ്രകടനങ്ങളും സിനിമയുടെ വിജയത്തിന് സഹായിച്ചു.