മലബാറിന്‍റെ വിനോദ സഞ്ചാര ഭൂപടത്തില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് കോട്ടക്കുന്ന്. പ്രകൃതിയുടെ നിഗൂഢ സൌന്ദര്യത്തിന്‍റെ മറ്റൊരു നിദര്‍ശനമായി, അല്ലെങ്കില്‍ മനുഷ്യ മനസ്സുകള്‍ക്ക് എന്നും ഒരു ആശ്ചര്യമായി.
മലപ്പുറം നഗരത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു കുന്നിന്‍ പ്രദേശമാണ് കോട്ടക്കുന്ന്. അടുത്തിടെ മാത്രമാണ് ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയില്‍ കോട്ടക്കുന്ന് ഉയര്‍ന്നതെങ്കിലും ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായിട്ടുണ്ട് ഇവിടം.
കോട്ടയോട് കൂടിയ കുന്ന് എന്ന അര്‍ത്ഥത്തിലാണ് കോട്ടക്കുന്ന് എന്ന പേര് വരുന്നത്. സാമൂതിരി രാജാക്കന്‍മാര്‍ നിര്‍മ്മിച്ച ഒരു വലിയ കോട്ടയുടെ അവശിഷ്ടം ഇവിടെ ഇപ്പോഴും കാണാം. കുന്നിനടുത്തായി പ്രസിദ്ധമായ വേട്ടക്കൊരുമകന്‍ ക്ഷേത്രവും, ചുവര്‍ചിത്രങ്ങള്‍ക്കു പ്രസിദ്ധമായ ശിവക്ഷേത്രവും ഉണ്ട്.
കുന്നിന് മുകളിലെ വിശാലമായ പുല്‍പരപ്പില്‍ ഒരു കൊലക്കിണര്‍ കാണാം. സന്ദര്‍ശകരുടെ മനസ്സില്‍ ഭീതിയുടെ വിത്തുമുളപ്പിക്കുന്ന ഈ കിണറില്‍ ഒരു വലിയ വൃക്ഷം നില്‍പ്പുണ്ട്. ഈ കിണറിലായിരുന്നത്രെ ഖിലാഫത്ത് നേതാക്കളുടെ വിചാരണ നടത്തിയിരുന്നത്. അതേസമയം, കുന്നിന് മുകളില്‍ നിന്ന് കാണുന്ന പ്രകൃതി രമണീയതയാണ് കോട്ടക്കുന്നിനെ വ്യത്യസ്തമാക്കുന്നത്. സൂര്യാസ്തമനത്തിന്‍റെ പൂര്‍ണ്ണ സൌന്ദര്യം ഈ കുന്നിലിരുന്ന് ആസ്വദിക്കാനാകും.
കോട്ടക്കുന്നിന്‍റെ സംരക്ഷണം അടുത്തകാലത്ത് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി ഒരു വാട്ടര്‍ തീം പാര്‍ക്കും അമ്യൂസ്മെന്‍റ് പാര്‍ക്കും കുന്നിനടുത്ത് സജ്ജീകരിച്ചിരിക്കുന്നു. ടൗണ്‍ഹാളും, ആര്‍ട്ടു ഗാലറിയും,സന്ധ്യാസംഗമങ്ങളും ദൃശ്യ വിരുന്നുകളുമായി കുന്ന് മോടിപിടിപ്പിച്ചിട്ടുണ്ട്.
WEBDUNIA|
മനോഹരമായ ഒരു ഹെലിപാഡും ഇവിടെ നിര്‍മ്മിച്ചിരിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ കോട്ടക്കുന്നിനടുത്ത് ഒരു സ്റ്റേഡിയം പണിയാന്‍ ഉദ്ദേശിക്കുന്നുണ്ട്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് കോട്ടക്കുന്ന്.