കോഴിക്കോട്|
Last Modified ബുധന്‍, 26 ഒക്ടോബര്‍ 2016 (16:03 IST)
പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച പിതാവിനു കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. കോഴിക്കോട് സ്വദേശി ഷാജി എന്ന 39 കാരനെയാണു കോഴിക്കോട് ഒന്നാം അഡീഷണല്‍ ജില്ലാ കോടതി ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്.
ഫറോക്ക് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനോട് അനുബന്ധിച്ച സംഭവം നടന്നത് 2014 ലാണ്. തടവിനൊപ്പം ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. കുട്ടിയുടെ മാതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ആറാം ക്ലാസില്‍ പഠിക്കുകയായിരുന്ന കുട്ടിയെ പീഡിപ്പിച്ചത്.
സംഭവം വെളിപ്പെടുത്തിയാല്‍ മാതാവിനെയും അനിയത്തിയേയും കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തി. എന്നാല്‍ കുട്ടിയില്‍ അസ്വാഭാവികമായ പെരുമാറ്റം കണ്ട സ്കൂള്‍ അധികൃതര്‍ ചോദ്യം ചെയ്തപ്പോഴാണു പീഡന വിവരം കുട്ടി അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴി പൊലീസില്‍ അറിയിച്ചു. മജിസ്ട്രേറ്റിനു മുമ്പാകെ കുട്ടി നല്കിയ രഹസ്യ മൊഴിയും കേസില്‍ നിര്‍ണ്ണായകമായി മാറി.