1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pinarayi Vijayan CPIM Zumba

CPIM: ന്യൂനപക്ഷ വര്‍ഗീയതയോടും വിട്ടുവീഴ്ചയില്ല, ഗുണം ചെയ്യുക സംഘപരിവാറിന്; ശക്തമായ നിലപാടില്‍ സിപിഎം

മതസാമുദായിക സംഘടനകളുടെ സമ്മര്‍ദ്ദത്തിനു ഒരു കാരണവശാലും വഴങ്ങിക്കൊടുക്കേണ്ട ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്

Pinarayi Vijayan - M V Govindan
CPIM: സംസ്ഥാനത്ത് ന്യൂനപക്ഷ വര്‍ഗീയതയും പിടിമുറുക്കുന്നതായി സിപിഎം വിലയിരുത്തല്‍. ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് നേട്ടം കൊയ്യുക തീവ്ര വലതുപക്ഷ ശക്തികളായ സംഘപരിവാര്‍ ആണെന്നും സിപിഎം. 
 
പുരോഗമന നിലപാട് ഉയര്‍ത്തിപിടിച്ച് ഇടതുപക്ഷം മുന്നോട്ടു പോകുമ്പോള്‍ സംഘപരിവാറിനെ പോലെ സംസ്ഥാനത്തെ ന്യൂനപക്ഷ വര്‍ഗീയ നിലപാടുള്ളവരും നിഷേധാത്മകമായി നില്‍ക്കുന്നു. ഇത് സംസ്ഥാനത്തിനു ഗുണം ചെയ്യില്ല. സംഘപരിവാറിനെ എതിര്‍ക്കുന്നതുപോലെ ന്യൂനപക്ഷ വര്‍ഗീയ ശക്തികളെയും പ്രതിരോധിക്കുകയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. 
 
സ്‌കൂളുകളില്‍ സൂംബ പരിശീലനം നടത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ സിപിഎമ്മിന്റെ ന്യൂനപക്ഷ വര്‍ഗീയതയ്‌ക്കെതിരായ നിലപാട് ഏറെ ചര്‍ച്ചയാകും. തീവ്രചിന്താഗതിയുള്ള മുസ്ലിം മതസാമുദായിക ഗ്രൂപ്പുകളില്‍ നിന്നാണ് സൂംബയ്‌ക്കെതിരായ ശക്തമായ പ്രതിഷേധ സ്വരം ഉയര്‍ന്നിരിക്കുന്നത്. ഇതില്‍ നിന്നെല്ലാം നേട്ടമുണ്ടാക്കുന്നത് സംഘപരിവാര്‍ ആണെന്ന് പാര്‍ട്ടിക്ക് വിലയിരുത്തലുണ്ട്. 
 
പൊതുവിദ്യാഭ്യാസ കാര്യങ്ങളില്‍ മതം ആജ്ഞാപിക്കാന്‍ വരരുതെന്ന് ശക്തമായ ഭാഷയില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും പ്രതികരിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. മതസാമുദായിക സംഘടനകളുടെ സമ്മര്‍ദ്ദത്തിനു ഒരു കാരണവശാലും വഴങ്ങിക്കൊടുക്കേണ്ട ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പൊതുകാര്യങ്ങളില്‍ മതസാമുദായിക സംഘടനകള്‍ക്കു അഭിപ്രായം പറയാമെങ്കിലും സര്‍ക്കാര്‍ ഇന്നത് ചെയ്യണം, ഇന്നത് ചെയ്യരുത് എന്ന തരത്തില്‍ ആജ്ഞാപിക്കാന്‍ അവര്‍ക്കു അവകാശമില്ലെന്നാണ് സിപിഎം സ്വീകരിച്ചിരിക്കുന്ന പൊതുനിലപാട്. 
അടുത്ത ലേഖനം
ഇസ്രയേല്‍ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇറാന്‍ മാധ്യമങ്ങള്‍; അമേരിക്കയും ഇസ്രയേലും നഷ്ടപരിഹാരം നല്‍കണമെന്ന് ഇറാന്‍