ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു
എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (10:49 IST)
വട്ടിയൂർക്കാവ്: കൂട്ടുകാരുമൊന്നിച്ചു ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ട് മുങ്ങിമരിച്ചു. അറപ്പുര അവുത്താൻകോട് സ്വദേശി സന്തോഷിന്റെ മകൻ വിഷ്ണു (20) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് കരമനയാറ്റിൽ മൂന്നാംമൂട് മേലേക്കടവിൽ അഞ്ചു കൂട്ടുകാർക്കൊപ്പം വിഷ്ണു കുളിക്കാനിറങ്ങിയത്. ഇവിടത്തെ ആയിരവല്ലി തമ്പുരാൻപാറ ക്ഷേത്രത്തിനു പിന്നിലായി ആറ്റിൽ കുളിക്കവേ പെട്ടന്ന് വിഷ്ണുവിനെ കാണാതാവുകയായിരുന്നു.
കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും പിന്നീട് എത്തിയ വട്ടിയൂർക്കാവ് പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് യുവാവിനെ കണ്ടെത്തിയത്. ഉടൻ തന്നെ വിഷ്ണുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.