തിരുവനന്തപുരം|
അഭിറാം മനോഹർ|
Last Modified വ്യാഴം, 8 ജനുവരി 2026 (11:41 IST)
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ ലക്ഷ്യമിട്ട് ബിജെപി ഇലക്ഷന്‍ ക്യാമ്പയിന് തുടക്കമാകുന്നു. യുഡിഎഫിനോ ഇടതുമുന്നണിക്കോ ഭൂരിപക്ഷം ലഭിക്കാത്ത തൂക്കുസഭയുണ്ടാകുന്ന സാഹചര്യത്തില്‍ കേരള രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി മാറുക എന്ന ലക്ഷ്യമാണ് ബിജെപി മുന്നില്‍ കാണുന്നത്. ഇത് ലക്ഷ്യമാക്കി 15 സീറ്റുകളില്‍ കടുത്ത പോരിനാണ് ബിജെപി ലക്ഷ്യമിടുന്നത്.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജനുവരി 11 സന്ദര്‍ശനത്തിന് ശേഷം ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ട്ടി പുറത്തുവിടും.
ഇന്നലെ ഓണ്‍ലൈനായി നടന്ന ബിജെപി ഭാരവാഹികളുടെ യോഗത്തില്‍ മിഷന്‍ കേരളയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. നേമത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനും സ്ഥാനാര്‍ത്ഥികളായി പേരുറപ്പിച്ചു. കെ സുരേന്ദ്രന്റെ പേര് പാലക്കാട്ടും ശോഭ സുരേന്ദ്രന്റെ പേര് കായംകുളത്തും സജീവ പരിഗണനയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രചാരണമുഖമാക്കി അക്കൗണ്ട് തുറക്കുന്നതിനൊപ്പം കൂടുതല്‍ സീറ്റുകള്‍ കൂടി നേടാമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലെത്തിയത് ആഘോഷിക്കാന്‍ കൂടിയായാണ് അമിത് ഷാ തലസ്ഥാനത്തെത്തുന്നത്. ജനുവരി 11ന് തിരുവനന്തപുരത്തെത്തുന്ന അമിത് ഷാ, ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിച്ച കൗണ്‍സിലര്‍മാരുടെ യോഗത്തിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശന തീയതിയും അമിത് ഷാ ഔദ്യോഗികമായി പ്രഖ്യാപിക്കും.