സാന്‍ഫ്രാന്‍സിസ്കോ|
WEBDUNIA|
Last Modified വെള്ളി, 15 ജനുവരി 2010 (11:03 IST)
PRO
PRO
ഹെയ്തി ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ സാങ്കേതിക ലോകം എന്നും മുന്നിലാണ്. സാങ്കേതിപരമായും സാമ്പത്തികപരമായുള്ള സേവനങ്ങളാണ് വിവിധ ഐ ടി കമ്പനികള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഹെയ്തി ദുരിതബാധിതരെ സഹായിക്കാന്‍ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളും മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററുമൊക്കെ തയ്യാറായി കഴിഞ്ഞു. ഹെയ്തിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഗിള്‍ പത്ത് ലക്ഷം ഡോളര്‍ സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
ദുരിതബാധിതര്‍ക്ക് ഭക്ഷണവും ശുദ്ധജലവും പാര്‍പ്പിടവും സജ്ജീകരിക്കാന്‍ ഈ സഹായം ഉപയോഗപ്പെടുത്തുമെന്ന് ഗൂഗിള്‍ അറിയിച്ചു. ദുരന്തത്തില്‍ പരുക്കേറ്റവരുടെ ചികിത്സയ്ക്ക് വേണ്ട ചെലവുകളും ഗൂഗിള്‍ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹെയ്തിയിലെ ദുരിതബാധിതരുടെ സഹായിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് പ്രത്യേക വെബ് പേജ് തന്നെ ഗൂഗിള്‍ തുടങ്ങിയിട്ടുണ്ട്. വിവിധ ദുരിതാശ്വാസ പ്രവര്‍ത്തകരുമായും സംഘടനകളുമായും ബന്ധപ്പെടുത്തിയാണ് ഈ പേജ് പ്രവര്‍ത്തിക്കുന്നത്. ഡയറക്ട് റിലീഫ്, യെലെ ഹെയ്തി, റെഡ് ക്രോസ്, ഡോക്‍ടേര്‍സ് വിതൌട്ട് ബോര്‍ഡേഴ്സ് എന്നീ സംഘങ്ങളുമായൊക്കെ ഗൂഗിള്‍ യോജിച്ച് പ്രവര്‍ത്തിക്കും.
ഇതിനെല്ലാം പുറമെ ഭൂകമ്പം തകര്‍ത്തെറിഞ്ഞ ഹെയ്തിയുടെ മാപും ഗൂഗിള്‍ തയ്യാറാക്കിയിട്ടുണ്ട്. സഹായ സംഘങ്ങള്‍ക്ക് ദുരിതബാധിതരുടെ സ്ഥിതി വിലയിരുത്താനും ദുരിതമേഖലകള്‍ പെട്ടെന്ന് കണ്ടെത്തുന്നതിനുമാണ് പുതിയ മാപ്പിംഗ് സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ദുരന്തത്തിന് മുന്‍പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
അതേസമം, ഗൂഗിളിന്റെ മറ്റൊരു സേവനമായ യൂട്യൂബും ദുരിതബാധിതരെ സഹായിക്കാന്‍ തയ്യാറായിട്ടുണ്ട്. ഹെയ്തി ദുരിതബാധിതരെ സഹായിക്കാനായി ജനപ്രിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബില്‍ ഗൂഗിള്‍ വക്താക്കളായ ജാക്വല്ലിന്‍ ഫുല്ലരും പ്രേം രാമസ്വാമിയും ചേര്‍ന്ന് പ്രത്യേക കമ്മ്യൂണിറ്റി തുടങ്ങിയിട്ടുണ്ട്. ദുരന്തത്തിന്റെ വിവിധ ചിത്രങ്ങളും യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.