ഓണ്‍ലൈന്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കും ഇന്റര്‍നെറ്റ് സുരക്ഷാ കമ്പനിയായ മക്കഫെയും ഒന്നിക്കുന്നു. സാങ്കേതിക ലോകത്ത് ഏറ്റവും മികച്ച സുരക്ഷ നല്‍കുന്ന ആന്റിവൈറസ് നിര്‍മ്മാണ സംഘമാണ് മക്കഫെ.
ഓണ്‍ലൈന്‍ സുരക്ഷ കാത്തുസൂക്ഷിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്ന ഫേസ്ബുക്കിന് മക്കഫെയുമായുള്ള കരാര്‍ ഏറെ ഗുണം ചെയ്തേക്കും. അടുത്തിടെയായി സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളെ കേന്ദ്രീകരിച്ചാണ് സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നത്. ഉപയോക്താക്കളുടെ അംഗത്വമോഷണവും വ്യക്തി വിവരങ്ങള്‍ തട്ടിയെടുക്കലും വ്യാപകമായിട്ടുണ്ട്.
മക്കഫെയുമായി യോജിക്കുന്നതിലൂടെ ഫേസ്ബുക്കിലെ ദശലക്ഷക്കണക്കിന് അംഗങ്ങളുടെ പേജുകള്‍ സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനാകും. ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് മക്കഫെ ആറുമാസത്തേക്ക് സൌജന്യ സോഫ്റ്റ്വയര്‍ നല്‍കും. തുടര്‍ന്നും ആവശ്യമുള്ളവര്‍ക്ക് ഡിസ്കൌണ്ട് നിരക്കില്‍ സോഫ്റ്റ്വയര്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഹാക്കിംഗ്, ഫിഷിംഗ്, മാള്‍വയര്‍ ആക്രമണങ്ങള്‍ വ്യാപകമായ ഫേസ്ബുക്കില്‍ അംഗങ്ങളുടെ യൂസര്‍ നെയിമും രഹസ്യകോഡുകളും തട്ടിയെടുക്കല്‍ വ്യാപകമായതോടെയാണ് ഫേസ്ബുക്ക് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. പുതിയ കരാര്‍ പ്രകാരം ഫേസ്ബുക്കിലെ 350 ദശലക്ഷം വരിക്കാര്‍ക്ക് മക്കഫെയുടെ സൌജന്യ നെറ്റ് സുരക്ഷാ സേവനം ലഭിക്കും.