വൈറസ് നിര്‍മ്മാതാവിനെ കണ്ടെത്തിയാല്‍ 250,000 ഡോളര്‍
ന്യൂയോര്‍ക്ക്|
WEBDUNIA|
‘കോന്‍ഫിക്കര്‍’ എന്ന ഇന്‍റര്‍നെറ്റ് വോം(വൈറസ്) നിര്‍മ്മാതാക്കളെ കണ്ടെത്തുന്നവര്‍ക്ക് 250,000 അമേരിക്കന്‍ ഡോളര്‍ പാരിതോഷികം നല്‍കാമെന്ന് ഐ ടി രംഗത്തെ മുന്‍നിര കമ്പനിയായ മൈക്രോസോഫ്റ്റ് അറിയിച്ചു. ഏതാനും മാസങ്ങളായി ലോകത്തെ നിരവധി പിസികളെ ഈ വൈറസ് ബാധിച്ചിട്ടുണ്ട്.
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളെയാണ് ഇത്തരം വൈറസ് ആക്രമിക്കുന്നത്. ഇതിനാലാണ് മൈക്രോസോഫ്റ്റ് വൈറസിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ഇത്തരം വൈറസിനെ തകര്‍ക്കാനുള്ള സുരക്ഷാ തന്ത്രങ്ങള്‍ വികസിപ്പിച്ചെടുത്താലും നിലവിലെ വിന്‍ഡോസ് ഉപയോക്താക്കളെ ബാധിച്ചു കൊണ്ടിരിക്കും. ഇത്തരമൊരു വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി മൈക്രോസോഫ്റ്റിന് ഇല്ലെങ്കില്‍ ഉപഭോക്താക്കള്‍ മറ്റു ഓപ്പറേറ്റിംഗ് സിസ്റ്റം തേടിപ്പോകുന്ന അവസ്ഥ വന്നേക്കും.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ പ്രത്യക്ഷപ്പെട്ട കോന്‍ഫിക്കര്‍ വൈറസ് ഇതിനകം പത്ത് ദശലക്ഷം പിസികളെ(വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്നത്) ബാധിച്ചു എന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ്, ഫ്രഞ്ച് സൈനികര്‍ ഉപയോഗിക്കുന്ന സിസ്റ്റങ്ങളെ പോലും ഈ വൈറസ് നിശ്ചലമാക്കി. വൈറസിനെ നശിപ്പിക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല, ഐ ടി വിദഗ്ധരെ പോലും പേടിപ്പെടുത്തുന്ന രീതിയിലാണ് കോന്‍ഫിക്കരിന്‍റെ ആക്രമണം.
അതേസമയം, ഈ വൈറസ് മറ്റു ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയൊന്നും ആക്രമിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.