യുബി സോഫ്റ്റ് രണ്ട് ഗെയിമുകള്‍ പുറത്തിറക്കി

WDPTI
കം‌പ്യൂട്ടര്‍ ഗെയിമുകള്‍ ഇന്ന് ലോകമെമ്പാടുമുള്ള കുട്ടികളുടെ ഇഷ്‌ടവിനോദമായി മാറികഴിഞ്ഞു. മാറുന്ന അഭിരുചികള്‍ക്ക് അനുസരിച്ച് കുട്ടികളുടെ മനം കവരുന്ന പുതിയ ഗെയിമുകള്‍ പുറത്തിറക്കാനുള്ള മത്സരത്തിലാണ് ഇന്ന് വിവിധ കമ്പനികള്‍.

ഓരോ ഗെയിമുകളിലും ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ സവിശേഷതകള്‍ ഉള്‍കൊള്ളിച്ച് ഇവ ആകര്‍ഷകമാക്കാനുള്ള മത്സരമാണ് നടക്കുന്നത്. പ്രതീക്ഷിച്ചതു പോലെ തന്നെ യുബിസോഫ്റ്റും രണ്ട് പുതിയ ഗെയിമുകളുമായി രംഗതെത്തിയിരിക്കുകയാണ്.

പാരിസില്‍ നടക്കുന്ന ‘യുബിഡേ 2008’ലാണ് പുതിയ ഗെയിമുകള്‍ പുറത്തിറക്കുന്ന വിവരം യുബിസോഫ്റ്റ് സി ഇ ഒ വൈസ് ഗില്ലിമോട്ട് അറിയിച്ചത്. ‘ബിയോണ്ട് ഗുഡ് ആന്‍ഡ് ഇവിള്‍ 2’, ‘അവതാര്‍’ എന്നിവയാണ് കമ്പനി പുറത്തിറക്കുന്ന പുതിയ ഗെയിമുകള്‍.

‘ബിയോണ്ട് ഗുഡ് ആന്‍ഡ് ഇവിള്‍ 2’ നെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഗില്ലൊമോട്ട് തയാറായില്ല. ഗെയിം എന്നു മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്നും വ്യക്തമല്ല. അധികം വൈകാതെ തന്നെ ഈ ഗെയിം ലഭ്യമാകുമെന്ന് മാത്രമാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ‘അവതാര്‍’ എന്ന സിനിമയുടെ ഗെയിം രൂപമാണ് യുബിസോഫ്റ്റ് പുറത്തിറക്കുന്ന രണ്ടാമത്തെ ഗെയിം. യുബി സോഫ്റ്റ് രൂപകല്‍പ്പന ചെയ്ത നവീന ത്രിമാനവിദ്യ ഉപയോഗിച്ചാണ് ‘അവതാര്‍‘ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് ഗില്‍മോര്‍ട്ട് പറഞ്ഞു.

അടുത്ത വര്‍ഷം മധ്യത്തോടെ ഈ ഗെയിം വിപണിയിലെത്തിക്കാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ‘അവതാര്‍‘ എന്ന സിനിമയും ഏതാണ്ട് ഈ സമയത്താണ് റിലീസിന് തയാറെടുക്കുന്നത്. സിനിമക്കൊപ്പം തന്നെ ഗെയിമും വിപണിയിലെത്തിക്കാനായാല്‍ ആന്ത്യന്തികമായി ഇത് ഗുണപ്രദമാകുമെന്നാണ് യുബിസോഫ്റ്റ് അധികൃതരുടെ കണക്കുകൂട്ടല്‍.
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :