മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവിന് വയസ് 94 ആയി. എന്നാലും സൈബര്‍ ലോകത്തിന് അദ്ദേഹം യുവാവാണ്, യൂ ട്യൂബിലെ സ്റ്റാറാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി ജനപ്രിയ നേതാവ് പാര്‍ട്ടിയുടെ പൊതു ചടങ്ങുകളിലോ പ്രകടനങ്ങളിലോ പങ്കെടുക്കാറില്ല. എന്നാലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം എപ്പോഴും വേണം, അത് സൈബര്‍ ലോകത്തായാലും അവര്‍ സ്വീകരിച്ചിരിക്കും.
1977 മുതല്‍ 2000 വരെ പശ്ചിമ ബംഗാള്‍ ഭരിച്ചത് ജ്യോതിബസുവാണ്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ ചട്ടക്കൂടില്‍ നിന്ന് പുറത്ത് കടന്ന് ബംഗാളില്‍ വ്യവസായങ്ങള്‍ കൊണ്ടുവന്ന് ജനശ്രദ്ധ നേടിയ ബസു ഇപ്പോള്‍ സൈബര്‍ ലോകത്താണ് ഹിറ്റായിരിക്കുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിള്‍ ഇടതുമുന്നണിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം സൈബര്‍ പ്രചാരണത്തിലാണത്രെ.
സൈബര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ബസുവിന്‍റെ പ്രസംഗങ്ങള്‍ യൂട്യൂബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂട്യൂബില്‍ പാര്‍ട്ടിയുടെ പ്രത്യേക വെബ്സൈറ്റ് തന്നെ തുടങ്ങിയിട്ടുണ്ട്. എന്തായാലും ബസുവിന്‍റെ പ്രസംഗ വീഡിയോ യൂട്യൂബില്‍ ഹിറ്റായി കഴിഞ്ഞു. മാര്‍ച്ച് 17ന് പുറത്തു വന്ന കണക്കുകള്‍ പ്രകാരം ബസുവിന്‍റെ വീഡിയോ ഏറെ പ്രചാരം നേടിതായാണ് റിപ്പോര്‍ട്ട്.
വീഡിയോ പ്രസിദ്ധികരിച്ചതു മുതല്‍ മാര്‍ച്ച് 24 രാവിലെ വരെ 2,309 പേര്‍ ബസുവിന്‍റെ വീഡിയോ കാണാനെത്തി. ഇതിനു പുറമെ മറ്റു അഞ്ചു പ്രമുഖ രാഷ്ട്രീയ നേതാക്കളും യൂട്യൂബിന്‍റെ സേവനം സ്വീകരിച്ചു കഴിഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും യൂട്യൂബിലുണ്ട്. എന്നാല്‍ കാരാട്ടിന്‍റെ വീഡിയോ കാണാന്‍ എത്തിയത് കേവലം 26 പേര്‍ മാത്രം. ഇതിനു പുറമെ സീതറാം യച്ചൂരിയുടെ വീഡിയോയും യൂട്യൂബില്‍ ലഭ്യമാണ്.