ഇന്‍റര്‍നെറ്റിലെ സൌഹൃദ കൂട്ടായ്മ സൈറ്റുകള്‍ വഴി രാജ്യത്തിന്റെ ഭരണഘടനയും നിര്‍മ്മിക്കപ്പെടുന്നു. ഐസ്‌ലാന്‍ഡിലെ 25ഓളം പൌരന്‍മാരുടെ കമ്മിറ്റി ഓണ്‍ലൈന്‍ വഴി നൂറുകണക്കിന് യൂസര്‍മാരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ച് ഭരണഘടനയുടെ കരട് നിര്‍മ്മിക്കുകയായിരുന്നു. ഇത് ഐസ്‌ലാന്‍ഡിലെ പാര്‍ലമെന്‍ററി സ്പീക്കര്‍ക്ക് ഇവര്‍ നല്‍കുകയും ചെയ്തു. ഏപ്രില്‍ മുതല്‍ ഈ സംഘം ഇതിന്റെ ജോലികളിലായിരുന്നു.
ഫേസ്ബുക്ക്, ട്വിറ്റര്‍, യു ട്യൂബ്, ഫ്ലിക്കര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ വഴി ഇവര്‍ പൊതുജനങ്ങളെയും ഇതില്‍ പങ്കാളികളാക്കുകയായിരുന്നു. 1944ല്‍ സ്വതന്ത്രമായ ശേഷം ഐസ്‌ലാന്‍ഡ് അതിന്റെ ഭരണഘടന കൂടുതലായും ഡെന്‍മാര്‍ക്കിന്‍റേതില്‍ നിന്നും കടമെടുത്ത് നിര്‍മ്മിച്ചതാണ്. എന്നാല്‍ 2008ലെ വന്‍ സാമ്പത്തിക തകര്‍ച്ചയ്ക്ക് ശേഷമാണ് പുതിയ ഭരണഘടന എന്ന ആശയം ജനങ്ങളില്‍ ശക്തമായത്.
ഗ്രൂപ്പിന്റെ എല്ലാ ആശയങ്ങളും ഓണ്‍ലൈന്‍ വഴി ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുകയായിരുന്നു. ജനങ്ങളുടെ അഭിപ്രായം ശ്രദ്ധിക്കാനും വായിക്കാനും മനസ്സിലാക്കാനും ഞങ്ങള്‍ സമയം ചെലവഴിച്ചു. ഇത് ഞങ്ങളുടെ പ്രവര്‍ത്തനം വളരെ മികച്ചതും കാര്യക്ഷമവുമാക്കി - കമ്മിറ്റി അംഗം കതറിന്‍ ഒഡ്സ്ഡോട്ടിര്‍ പറയുന്നു.
കമ്മിറ്റിയുടെ വെബ്സൈറ്റ് ഇംഗ്ലീഷിലും ഐസ്‌ലാന്‍ഡ് ഭാഷയിലാണ് ഉള്ളത്. അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള വിന്‍ഡോയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഭരണഘടനക്ക് 1,600ഓളം ഭേദഗതി നിര്‍ദേശങ്ങളാണ് സൈറ്റിന് ലഭിച്ചത്. ഇത് ഞങ്ങളുടെ പ്രവര്‍ത്തനത്തിന് ലഭിച്ച സജീവ ജന പ്രതികരണമായി കണക്കാക്കമെന്ന് കമ്മിറ്റിയുടെ തലവനായ സാല്‍വോര്‍ നോര്‍ഡല്‍ പറഞ്ഞു.
ഏതായാലും ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന പാര്‍ലമെന്റെറി കമ്മിറ്റി ഭരണഘടനയുടെ കരട് രേഖ വിശദമായി പരിശോധിക്കുമെന്ന് ഐസ്‌ലാന്‍ഡ് സ്പീക്കര്‍ അസ്റ്റ ജൊഹന്നസ്ഡോട്ടിര്‍ അറിയിച്ചിട്ടുണ്ട്.