കോലാലംപൂര്‍|
WEBDUNIA|
Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2010 (09:30 IST)
PRO
PRO
ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും മൈക്രോബ്ലോഗിംഗ് സൈറ്റുകളിലും മലേഷ്യ നിറഞ്ഞുനില്‍ക്കുകയാണ്. ഫേസ്ബുക്കില്‍ എവിടെയായാലും ഇവരുടെ സാന്നിധ്യമുണ്ട്. മലേഷ്യയിലെ യുവാക്കളും യുവതികളും ഫേസ്ബുക്കില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഫേസ്ബുക്കില്‍ നിത്യസന്ദര്‍ശനം നടത്തുന്ന മിക്കവരുടെയും സൌഹൃദപട്ടികയില്‍ മലേഷ്യന്‍ സുന്ദരികളും സുന്ദരന്മാരും ഉണ്ടാകും.
ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്നതും മലേഷ്യക്കാര്‍ തന്നെയാണ്. അന്താരാഷ്ട്ര ഗവേഷണ ഗ്രൂപ്പായ ടി എന്‍ എസ് നടത്തിയ സര്‍വേയിലാണ് ഇത്തരമൊരു കണ്ടെത്തല്‍. മലേഷ്യയിലെ ഓരോ ഫേസ്ബുക്ക് അംഗത്തിന്റെയും കൂടെ ശരാശരി 233 സുഹൃത്തുക്കളെങ്കിലും ഉണ്ടെന്നാണ് കണക്കാക്കുന്നത്. ബ്രസീലില്‍ ഇത് 231വും നോര്‍വെയില്‍ 217വുമാണ്. അതേസമയം, ഫേസ്ബുക്ക് സൌഹൃദത്തില്‍ ഏറ്റവും പിന്നില്‍ ജപ്പാനാണ്. ജാപ്പനീസ് ഫേസ്ബുക്ക് അംഗങ്ങളുടെ പട്ടികയില്‍ ശരാശരി 29 സുഹൃത്തുക്കള്‍ മാത്രമാണുള്ളത്.
ടി എന്‍ എസ് സര്‍വെയില്‍ 46 രാജ്യങ്ങളിലെ 50,000 ഫേസ്ബുക്ക് അംഗങ്ങള്‍ പങ്കെടുത്തു. അതേസമയം, ഓണ്‍ലൈന്‍ ലോകത്ത് സജീവ സാന്നിധ്യമായ ചൈനയില്‍ ഫേസ്ബുക്ക് സൌഹൃദത്തിന് വേണ്ടത്ര ജനപ്രീതിയില്ല. ഇവിടെ ശരാശരി 68 ഫേസ്ബുക്ക് സുഹൃത്തുക്കള്‍ മാത്രമാണുള്ളത്. മലേഷ്യയിലെ ഓരോ ഫേസ്ബുക്ക് അംഗവും ആഴ്ചയില്‍ ചുരുങ്ങിയത് ഒമ്പത് മണിക്കൂര്‍ നെറ്റ് സൌഹൃദത്തിന് വേണ്ടി നീക്കിവയ്ക്കുന്നു.