പാകിസ്ഥാനില്‍ ഗൂഗിള്‍, യാഹൂ വേണ്ട!

ഇസ്ലാമാബാദ്‌| WEBDUNIA| Last Modified വ്യാഴം, 24 ജൂണ്‍ 2010 (10:14 IST)
പാകിസ്ഥാനില്‍ വീണ്ടും ഓണ്‍ലൈന്‍ നിയന്ത്രണം. ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സെര്‍ച്ച് എഞ്ചിനുകളായ ഗൂഗിള്‍, യാഹൂ എന്നിവയുടെ ചില സേവനങ്ങള്‍ക്കാണ് പാകിസ്ഥാനില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മതവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രസിദ്ധപ്പെടുത്തിയെന്ന കാരണത്താല്‍ ഗൂഗിള്‍‍‍, യാഹൂ, ഹോട്ട് മെയില്‍ എന്നിവയുള്‍പ്പെടെ ഒമ്പതു വെബ്‌സൈറ്റുകളാണ് നിരോധിച്ചിരിക്കുന്നത്. ലാഹോര്‍ ഹൈക്കോടതിയുടെ ബഹവല്‍പൂര്‍ ബഞ്ചാണ്‌ സൈറ്റുകള്‍ നിരോധിക്കാന്‍ പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അധികൃതര്‍ക്ക്‌ നിര്‍ദേശം നല്‍കിയത്‌.

എം എസ്‌ എന്‍, വീഡിയോ സൈറ്റായ യൂട്യൂബ്‌, എം എസ് എന്‍ സെര്‍ച്ച് എഞ്ചിന്‍ ബിംഗ്‌, ഓണ്‍ലൈന്‍ റീട്ടെയില്‍ വില്‍പ്പനക്കാരായ ആമസോണ്‍ എന്നീ സൈറ്റുകളും നിരോധിച്ചിട്ടുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളായ ട്വിറ്ററിനും ഫേസ്‌ബുക്കിനും പാകിസ്ഥാന്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് വിലക്ക് നീക്കുകയും ചെയ്തിരുന്നു.

മുഹമ്മദ് സിദ്ദീഖ് എന്ന വ്യക്തി ഫയല്‍ ചെയ്ത പൊതുതാല്പര്യ ഹര്‍ജിയില്‍മേലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മത വിശ്വാസങ്ങളെയും വിശുദ്ധ ഖുര്‍‌ആണിനെയും നിന്ദിക്കുന്ന ഉള്ളടക്കങ്ങള്‍ നെറ്റില്‍ വര്‍ധിച്ചതായി പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. ഇത്തരം ഉള്ളടക്കങ്ങള്‍ ജൂണ്‍ 28ന് കോടതിയില്‍ ഹാജറാക്കണമെന്ന് സിദ്ദീഖിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :