ഇസ്രയേലിനെതിരെ കലാപത്തിനും ജൂതന്മാരെ കൊല്ലാനും ആഹ്വാനം ചെയ്യുന്ന ഒരു പേജ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് നീക്കം ചെയ്തു. പലസ്തീന്‍ പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഇസ്രയേല്‍ കടന്നുകയറ്റത്തെ ചെറുക്കണമെന്ന് ആവശ്യപ്പെട്ടും ലോകമെമ്പാടും 35000-ത്തിലധികം ആളുകളുടെ ഒപ്പ് ശേഖരിച്ചിരുന്നു, ഈ പേജ്. ‘മൂന്നാം പലസ്തീന്‍ കലാപം’ എന്നായിരുന്നു ഇതിന്‍റെ പേര്.
ഈജിപ്തിലും ടുണീസ്യയിലും നടന്ന ജനകീയ വിപ്ലവങ്ങള്‍ക്കും യെമനില്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യരാഷ്ട്രങ്ങള്‍ പണമൊഴുക്കി നടത്തിവരുന്ന പ്രക്ഷോഭത്തിനുമെല്ലാം ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ വമ്പന്‍ പിന്തുണയാണ് നല്‍കി വന്നിരുന്നത്. എന്നാല്‍ അതേ സമീപനം ജൂതരാഷ്ട്രത്തിനെതിരെ സ്വീകരിക്കാന്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്കിന് കഴിയാത്തത് സ്വാഭാവികം മാത്രം.
അക്രമത്തിന് പ്രേരിപ്പിക്കുന്നു എന്ന കാരണം പറഞ്ഞാണ് കമ്പനി പേജ് നീക്കം ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് വഴി തങ്ങള്‍ക്കെതിരായ പ്രചാരണം നടക്കുന്നുവെന്ന പരാതി ഇസ്രയേല്‍ ഉന്നയിച്ച മാത്രയില്‍ തന്നെ പേജ് നീക്കം ചെയ്യുകയായിരുന്നു. പൊതുവില്‍ കലങ്ങിമറിഞ്ഞ അറബ് രാഷ്ട്രീയ പരിതസ്ഥിതി യങ്കികളെ അല്പം ഭയപ്പെടുത്തുന്നുമുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഗാസയിലും മറ്റും കാര്യമായ നീക്കങ്ങള്‍ക്ക് ജൂതന്‍മാര്‍ ശ്രമിക്കാത്തതും ശ്രദ്ധേയമാണ്.
‘എല്ലാ ജൂതന്മാരെയും കൊന്നൊടുക്കിയതിനു ശേഷം മാത്രമെ ഞങ്ങള്‍ക്കുമേലുള്ള വിധിയെഴുത്ത് വരികയുള്ളൂ’ എന്ന പ്രസ്താവനയോടെയാണ് പേജ് തുടങ്ങുന്നത്. ഈ മാസം 15-ന് മധ്യാഹ്ന നമസ്കാരത്തിനു ശേഷം നിലവില്‍ വന്ന പേജില്‍ വളരെ പെട്ടെന്നു തന്നെ സന്ദര്‍ശകരുടെ എണ്ണം കൂടി വരികയായിരുന്നു. കലാപം എന്നര്‍ത്ഥം വരുന്ന ‘ഇന്തിഫാദ’ എന്ന പേര് പേജിന് നല്‍കിയതാണ് ഫേസ്ബുക്ക് അധികൃതര്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്നം. അക്രമത്തിന് പ്രേരിപ്പിക്കുന്ന നിരവധി കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടതായും ഫേസ്ബുക്ക് വ്യക്തമാക്കി.
ഇസ്രയേലിന്‍റെ പൊതുനയകാര്യ മന്ത്രി വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിന് എഴുതിയിരുന്നു. അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ എന്തും ചെയ്യാന്‍ സൈറ്റ് അനുവദിക്കുന്നതല്ലെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബെര്‍ഗ് മറുപടി നല്‍കുകയും ചെയ്തു. അതേസമയം ഇത്തരം എലിയും പൂച്ചയും കളികള്‍ ഇനിയും പ്രതീക്ഷിക്കുന്നതായി പലസ്തീന്‍ വിമോചനപ്പോരാളി നേതാക്കള്‍ പറഞ്ഞു. മനുഷ്യാവകാശവും അഭിപ്രായ സ്വാതന്ത്ര്യവും എന്താണെന്നത് സംബന്ധിച്ച് നല്ലൊരു ‘ക്ലാസ്’ ഇസ്രയേല്‍ നേതാക്കള്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.