വിവരസാങ്കേതികത എന്നത് ഒരു വന്‍കടലാകുന്നു. കേവുവള്ളം മുതല്‍ വന്‍ ആഢംബരക്കപ്പലുകള്‍ വരെ ഒഴുകിനടക്കുന്ന പെരുങ്കടല്‍. സിലിക്കണ്‍ വാലിയിലെ കടലില്‍ രണ്ട് കപ്പലുകളാണുള്ളത്. ഒന്ന് ഗൂഗിളിന്റെ കപ്പല്‍. മറ്റൊന്ന് മൈക്രോസോഫ്റ്റിന്റേത്. കടലില്‍ നിന്നവ മുത്തും പവിഴവും മത്സ്യവും വലവീശി വാരുന്നു. കപ്പലുകളില്‍ നിന്ന് പരസ്പരം മുക്കുവന്മാരേയും വലവീശിപ്പിടിക്കുന്നു.
കപ്പലിലെ മുക്കുവപ്രതിഭകളെ നിലനിര്‍ത്തുക എന്നതുതന്നെ വലിയൊരു പൊല്ലാപ്പായി മാറിയിരിക്കുകയാണ് ഇരുവര്‍ക്കുമിപ്പോള്‍. ഓഹരികള്‍ പങ്കിട്ടുനല്‍കിയും ബോണസ്സുകള്‍ പ്രഖ്യാപിച്ചും അവര്‍ ജീവനക്കാരെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ച പുതിയ വേതനവര്‍ദ്ധനവ്. ലോകത്തെമ്പാടുമുള്ള 90,000 ജീവനക്കാര്‍ക്ക് ഒരുമിച്ചാണ് വര്‍ദ്ധന നടപ്പാക്കുക. കമ്പനിയിലെ നവാഗതപ്രതിഭകളെയാണ് വേതനവര്‍ദ്ധന കാര്യമായി ലക്‍ഷ്യം വയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യാവശ്യം തൊഴില്‍ പരിചയമുള്ള മധ്യനിരജീവനക്കാരെയും കാര്യമായിത്തന്നെ പരിഗണിക്കും. കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യുട്ടീവ് സ്റ്റീവ് ബാല്‍മര്‍ ആഭ്യന്തര ഇമെയില്‍ വഴി ശമ്പളവര്‍ദ്ധനയുടെ കാര്യം അറിയിച്ചുകഴിഞ്ഞു.
ലോകത്തെമ്പാടും ഐടി വ്യവസായം ഇടവലം നോക്കാതെ വളരുകയാണ് എന്നതാണ് മൈക്രോസോഫ്റ്റിന് ഇത്തരമൊരു നീക്കം നടത്താന്‍ ധൈര്യം നല്‍കുന്നത്. ഇന്ത്യ, ചൈന തുടങ്ങിയ മാര്‍ക്കറ്റുകള്‍ നിരന്തരമായി പുതിയ തുറകള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ഗൂഗിളിന്റെ നേതൃത്വത്തില്‍ ചില കളികള്‍ നടക്കുന്നത് മൈക്രോസോഫ്റ്റിനെ വിഷമിപ്പിക്കുന്നുമുണ്ട്. ഉദാഹരണത്തിന്, സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോമിലുള്ള ഗൂഗിള്‍ ആന്‍ഡ്രോയ്ഡ്. അന്തംവിട്ട സ്വീകാര്യതയാണ് ആന്‍ഡ്രോയ്ഡിന് ലഭിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് സ്മാര്‍ട് ഫോണ്‍ ആര്‍ക്കും വേണ്ടാത്ത അവസ്ഥ. ഇതില്‍ മനം നൊന്താണ് നോക്കിയയുമായുള്ള ബാന്ധവത്തിന് മൈക്രോസോഫ്റ്റ് മുതിര്‍ന്നത്. വിന്‍ഡോസിന്റെ സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോം, നോക്കിയയുടെ പായ്ക്കിംഗ്! എത്ര മനോഹരമായ സങ്കല്‍പം എന്നാരും പറഞ്ഞുപോകും. ഇല്ലേ?
അതേസമയം എത്രമാത്രം ശമ്പളവര്‍ദ്ധനയുണ്ടാകുമെന്നൊന്നും മൈക്രോസോഫ്റ്റ് പുറത്തുവിട്ടിട്ടില്ല. വളരെ നിര്‍ണായകമായ വര്‍ദ്ധനയാണിതെന്നു മാത്രമാണ് ചില വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. ഇതുകൂടാതെ ബോണസ് ഘടനയിലും ചില അനുകൂലമാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നതാണ് മറ്റൊരു വാര്‍ത്ത. ജീവനക്കാര്‍ക്ക് ഓഹരിയായി ബോണസ്സും മറ്റും നല്‍കുന്ന ഇടപാട് കമ്പനി നിര്‍ത്തിവെച്ചിരിക്കുകയാണ്. പണമായി കൈയില്‍തന്നെ ബോണസ് നല്‍കുന്നത് കൂടുതല്‍ ഫലപ്രദമാണെന്നാണ് കണക്കുകൂട്ടല്‍. പണം കൈയില്‍കിട്ടുമ്പോള്‍ തൊഴിലാളിയുടെ മുഖത്ത് ആയിരം എല്‍ ഇ ഡി ബള്‍ബുകള്‍ ഒന്നിച്ചുകത്തും. ഐഡിയ എപ്പടി?