ഓണ്‍ലൈന്‍ വിവര സംരക്ഷണം ഗൂഗിളിന്‍റെ പരിഗണനയില്‍

PTIPTI
കം‌പ്യൂട്ടറുകളുടെ ഉപയോഗം കൂടിയതോടെ ഡാറ്റകളുടെ സംരക്ഷണവും വലിയൊരു ഭീഷണിയായി മാറികൊണ്ടിരിക്കുകയാണ്. ഗെയിമുകളും പാട്ടുകളും ഫോട്ടോകളും മറ്റും സ്വകാര്യ കം‌പ്യൂട്ടറുകളുടെ മെമ്മറിയുടെ സിംഹഭാഗവും അപഹരിക്കുമ്പോള്‍ മര്‍മ്മ പ്രധാനമായ പല ഡാറ്റകളും ഗത്യന്തരമില്ലാതെ ഉപേക്ഷിക്കാന്‍ ഉപയോക്താക്കള്‍ നിര്‍ബന്ധിതരാകുന്നു. ഇതിന് പരിഹാരമായി ഓണ്‍ലൈനായി ഡാറ്റകള്‍ സംരക്ഷിക്കുന്ന ഒരു സംവിധാനം അവതരിപ്പിക്കാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നു.

ഗൂഗിളിന്‍റെ സെര്‍വറില്‍ ഡാറ്റകള്‍ സംരക്ഷിക്കാന്‍ അവസരം നല്‍കുന്ന വിര്‍ച്വല്‍ ഹാര്‍ഡ് ഡിസ്ക് ഡ്രൈവ് പ്രദാനം ചെയ്യാനാണ് കമ്പനി ആലോചിക്കുന്നത്. ഉപയോക്താവിന് ആവശ്യമായ സംരക്ഷണ സ്ഥലം നല്‍കുന്നതോടൊപ്പം ലോകത്തിന്‍റെ ഏത് ഭാഗത്തു നിന്നും രഹസ്യവാക്ക് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍വറില്‍ നിന്നും ആവശ്യമായ ഡാറ്റ എടുക്കാനുള്ള സൌകര്യം നല്‍കുന്നു എന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത. 50 ഗിഗാബൈറ്റെങ്കിലും സൌജന്യമായി സംരക്ഷിക്കാന്‍ അവസരം ഒരുക്കി കൂടുതല്‍ സേവനത്തിന് ചാര്‍ജ് ഈടാക്കാനാണ് പദ്ധതി. സര്‍വീസ് ചാര്‍ജായി എത്രമാത്രം പണം ഈടാക്കണമെന്നത് സംബന്ധിച്ച് ഇതുവരെ ധാരണയായിട്ടില്ല.

ഡാറ്റകള് ഓണ്‍ലൈനായി സംരക്ഷിക്കുന്ന സംവിധാനം പുതിയ ഒന്നല്ല. യാഹൂ പോലുള്ള ഭീമന്‍‌മാര്‍ ഇതിനോടകം തന്നെ ഈ സേവനം നല്‍കുന്നുണ്ട്. എന്നാല്‍ അഞ്ച് ഗിഗാ ബൈറ്റ് മെമ്മറി മാത്രമാണ് ഇവര്‍ സൌജന്യമായി നല്‍കുന്നത്. ഡാറ്റകള്‍ സംരക്ഷിക്കുന്ന സേവനം വാഗ്ദാനം ചെയ്യുന്ന വെബ് സൈറ്റില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തി വരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിളിന്‍റെ പ്രതീക്ഷ.

ഇത്തരമൊരു സംവിധാനം ഒരുക്കുന്നത് വന്‍‌മുതല്‍ മുടക്ക് അനിവാര്യമായ കാര്യമാണ്. എന്നാല്‍ വിശ്വാസ്യത നേടാനായാല്‍ ഈ രംഗത്ത് വന്‍ മുന്നേറ്റം നടത്താനാകുമെന്നാണ് ഗൂഗിളിന്‍റെ കണക്കുകൂട്ടല്‍. ഏതാനും മാസങ്ങള്‍ക്കകം തന്നെ ഗൂഗിളിന്‍റെ വിര്‍ച്വല്‍ ഹാര്‍ഡ് ഡിസ്ക് ഡ്രൈവ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :