ഒളിം‌പ്യന്‍‌മാരാവാന്‍ ഇന്ത്യന്‍ ‘ഐടി‘കളില്ല

PROPRO
ആഗോളതലത്തില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ മുന്‍‌നിരക്കാരായിരിക്കാം. എന്നാല്‍ ഈവര്‍ഷം ചൈനയില്‍ നടക്കുന്ന ഒളിം‌പിക്സിലേയ്ക്കുള്ള ഇന്ത്യന്‍ ഐടി കമ്പനികളുടെ സംഭാവന ഇന്ത്യയുടെ മെഡല്‍നില പോലെതന്നെ വട്ടപൂജ്യമാണ്.

ഒളിം‌പിക്സിനുവേണ്ട ഐ ടി പദ്ധതികളുടെ എല്ലാ കരാറും സ്വന്തമാക്കിയിരിക്കുന്നത് ഫ്രഞ്ച് ഐ ടി കമ്പനിയായ ‘അറ്റോസ്‘ ആണ്. ഇന്ത്യന്‍ വമ്പന്‍‌മാരായ ടി സി എസ്, സത്യം, വിപ്രൊ എന്നിവയെ ഒന്നും ഒളിം‌പിക് നഗരത്തില്‍ മഷിയിട്ട് നോക്കിയാല്‍ കാണാനാവില്ല.

ചൈനീസ് ആഭ്യന്തര ഐടി കമ്പനികളുടെ സര്‍വാധിപത്യമാണ് ഒളിം‌പിക്സിലെ ഇന്ത്യന്‍ ഐടികളുടെ മോശം പ്രകടനത്തിനു ഒരു കാരണം. ചൈനയില്‍ സാന്നിധ്യമറിയിച്ച എക ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനി, ടി സി എസ് മാത്രമാണ്. ബാങ്ക് ഓഫ് ചൈനയുടെയും ചൈന്നിസ് വിദേശ വ്യാപാര സംവിധാനത്തിന്‍റെയും ഓര്‍ഡറുകള്‍ ലഭിച്ചതോടെയാണ് ചൈനയില്‍ ടി സി എസിന് സാനിധ്യമറിയിക്കാനായാത്.

ചൈനീസ് സര്‍ക്കാരുമായും മൈക്രോസോഫ്റ്റുമായുമെല്ലാം സംയുക്ത സംരഭങ്ങളുണ്ടെങ്കിലും ടി സി എസിനുപോലും ഒളിം‌പിക്സില്‍ പങ്കാളിത്തമില്ല. ഇന്ത്യന്‍ ഐടികള്‍ക്ക് പദ്ധതികള്‍ നല്‍കുന്നതുകൊണ്ട് സാമ്പത്തികമായി ചൈനയ്ക്ക് കാര്യമായി നേട്ടമൊന്നുമുണ്ടാവില്ലെന്നതാണ് ഒളിം‌പിക് ട്രാക്കില്‍നിന്ന് ഇന്ത്യന്‍ ഐടികളെ ഒഴിവാക്കാനുള പ്രധാനകാരണമായി പറയുന്നത്. മികച്ച സേവനകേന്ദ്രളുടെ അഭാവവും ചൈനീസ് ഭാഷ പ്രാവീണ്യമില്ലാത്തതുമാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് മുന്നില്‍ ഉയര്‍ന്ന മറ്റ് ഹര്‍ഡിലുകള്‍.

ചൈനയിലെ വിപണിയെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ഒരു പങ്കാളിയില്ലാതെപോയതാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടി നേരിട്ടതിന് മറ്റൊരു കാരണം. ഇന്ത്യക്കാര്‍ എല്ലാം സ്വന്തം നിലയില്‍ ചെയ്യാന്‍ ശ്രമിക്കുന്നതാണ് പ്രധാന തടസമെന്ന് ചൈനയിലെ പ്രമുഖ ഐടി സ്ഥാപനമായ ‘ചൈനാസോഫ്റ്റി‘ന്‍റെ ഒരു ഉന്നത് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൈനയുടെ സംസ്കാരത്തെ മനസിലാക്കുകയാണ് ഇന്ത്യന്‍ ഐ ടി സ്ഥാപനങ്ങള്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി.

‘വിപ്രൊ‘ ‘സത്യം‘ തുടങ്ങിയ ഇന്ത്യന്‍ ഐ ടി ഭീമന്‍‌മാര്‍ ചൈനയില്‍ ഇനിയും കാര്യമായ സാന്നിധ്യം അറിയിച്ചിട്ടില്ല. 2004ല്‍ ചൈനയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഇന്‍ഫോസിസിനും വിപ്രൊയ്ക്കുമെല്ലാം ഒളിം‌പിക്സിലൂടെ ചൈനയില്‍ ചുവടുറപ്പിയ്ക്കാന്‍ ലഭിച്ച സുവര്‍ണാവസരമാണ് നഷ്ടമായതെന്നാണ് ഐ ടി വിദഗ്ദര്‍ കരുതുന്നത്.

ബിജിംഗ്| WEBDUNIA| Last Modified വെള്ളി, 29 ഫെബ്രുവരി 2008 (15:38 IST)
എന്നാല്‍ ഒളിംപിക്സ് പോലൊരു മഹാമേളയുടെ സാങ്കേതികരംഗത്ത് ആധിപത്യമുറപ്പിക്കാന്‍ തക്കശേഷി ഇന്ത്യന്‍ ഐടികള്‍ ചൈനയില്‍ നേടിയിട്ടില്ലെന്നാണ് ഇന്‍ഫോസിസിന്‍റെ ചൈനയിലെ ഉപവിഭാഗത്തിന്‍റെ സി ഇ ജെയിംസ് ലിന്‍ പറയുന്നത്. ഇത്തരമൊരു കായികമാമാങ്കത്തിന്‍റെ ഓര്‍ഡറുകള്‍ക്കായി മത്സരിക്കണമെങ്കില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം പോരെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :