രാജ്യത്തെ പ്രമുഖ ടെലികോം സേവന ദതാക്കളായ ഭാരതി എയര്‍ടെലും റിലയന്‍സും പരസ്പരം കൊമ്പ് കോര്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
തങ്ങളുടെ പുതിയ ജിഎസ്‌എം വരിക്കാര്‍ക്ക് മൂന്ന് മാസത്തേയ്ക്ക് ദിവസം 10 രൂപയുടെ ഫ്രീകാള്‍ ഓഫര്‍ നല്‍കാനുള്ള റിലയന്‍സിന്‍റെ തീരുമാനമാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്. ഇരു കമ്പനികളും വാക്കുകള്‍കൊണ്ടുള്ള യുദ്ധം തുടങ്ങിക്കഴിഞ്ഞതായി ഇക്കോണമിക് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
റിലയന്‍സിന്‍റെ പുതിയ ഓഫര്‍, ഒരു ബ്രാന്‍ഡിലും ഉറച്ചുനില്‍ക്കാത്ത ഏതാനും വരിക്കാരെ ആകര്‍ഷിക്കാന്‍ മാത്രമേ സഹായകമാകൂ എന്നും ദീര്‍ഘകാലടിസ്ഥാനത്തില്‍ ഇത് കമ്പനിക്ക് ഗുണം ചെയ്യില്ലെന്നുമാണ് എയര്‍ടെല്‍ ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. എന്നാല്‍ ജിഎസ്‌എം നെറ്റ്വര്‍ക്കിലേയ്ക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനുള്ള നീക്കമാണ് ഫ്രീ കോള്‍ ഓഫറിലൂടെ തങ്ങള്‍ നടത്തുന്നതെന്നാണ് റിലയന്‍സിന്‍റെ വാദം.