ഉപഗ്രഹത്തിന്‍റെ പ്രവര്‍ത്തനം നിലച്ചു

ബാംഗ്ലൂര്‍| WEBDUNIA|
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം നിര്‍മ്മിച്ച് യൂറോപ്യന്‍ ഏജന്‍സിയായ യൂടെല്‍‌സാറ്റിന് കൈമാറിയ കമ്യൂണിക്കേഷന്‍ ഉപഗ്രഹത്തിന്‍റെ പ്രവര്‍ത്തനം നിലച്ചു. ഭ്രമണ പഥത്തിലെത്തി അഞ്ചാഴ്ചകള്‍ക്കകം ഉപഗ്രഹത്തിന്‍റെ പ്രവര്‍ത്തനം നിലച്ചത് ഐ‌എസ്‌ആര്‍‌ഒയ്ക്ക് തിരിച്ചടിയായി.

ഉപഗ്രഹത്തെ പുനപ്രവര്‍ത്തിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ ശ്രമിച്ചുവരുന്നതായി ഐ‌എസ്‌ആര്‍‌ഒ വക്താവ് എസ് സതീഷ് പറഞ്ഞു. മുമ്പ് നിര്‍മ്മിച്ച ഇന്‍‌സാറ്റ് 1സി, 2ഡി എന്നിവയ്ക്കും ഇതുപോലുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ പുതിയ ഉപഗ്രഹത്തിന്‍റെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചതാവാനാണ് സാധ്യതയെന്ന് യൂറോപ്യന്‍ ബഹിരാകാശ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഉപഗ്രഹത്തിന്‍റെ തകരാറിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡിസംബര്‍ 20നാണ് ഡബ്‌ള്യൂ2എം എന്ന ഉപഗ്രഹം യൂടെല്‍‌സാറ്റിനുവേണ്ടി വിക്ഷേപിച്ചത്. ഐ‌എസ്‌ആര്‍‌ഒയുടെ ആന്‍‌ട്രിക്സും യൂറോപ്പിലെ ആസ്ട്രിയം സാറ്റ്ലൈറ്റും തമ്മില്‍ 2006 ഫെബ്രുവരിയില്‍ ഉണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തിലാണ് ഉപഗ്രഹം നിര്‍മ്മിച്ചത്. വിക്ഷേപണം നടത്തി ആദ്യ ആഴ്ചകളില്‍ ഉപഗ്രഹത്തിന്‍റെ നിയന്ത്രണം ഐ‌എസ്‌ആര്‍‌ഒയ്ക്കായിരുന്നു. എന്നാല്‍ ആ സമയങ്ങളില്‍ ഉപഗ്രഹം നന്നായി പ്രവര്‍ത്തിച്ചതായി ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :