ഐ പാഡ് മിനിയ്ക്ക് ബദലൊരുക്കാന്‍ സര്‍ഫസ് മിനി

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 7 മെയ് 2014 (15:09 IST)
ആപ്പിളിന്റെ വിപണിയില്‍ കടന്നു കയറാനുള്ള മൈക്രോസോഫ്ററ്റിന്റെ തന്ത്രങ്ങള്‍ക്ക് കുറവില്ല. ഇപ്പോഴിതാ ആവനാഴിയിലെ അടുത്ത അമ്പുമായി മൈക്രോസോഫ്റ്റ് എത്തുന്നു. ഇത്തവണ ആപ്പിള്‍ മിനി ഐ പാഡിന്റെ വിപണി പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യം.

അതിനായി 'സര്‍ഫസ് മിനി' എന്ന പേരില്‍ മൈക്രോസോഫ്റ്റ് ടാബ്ലറ്റ് രംഗത്തിറക്കുന്നു. ടാബ്ലറ്റ് മേയ് 20ന് പുറത്തിറങ്ങുമെന്നാണ്‍ നിലവില്‍ ലഭിക്കുന്ന സൂചന. എന്നാല്‍ ആപ്പിളിന് ഇക്കാര്യത്തില്‍ ആശങ്കയൊന്നുമില്ലെന്നാണ് കാണുന്നത്. കാരണം മുമ്പിറങ്ങിയ സര്‍ഫസ് ടാബ്ലറ്റുകള്‍ക്ക് വിപണിയില്‍ വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതു തന്നെ.

എആര്‍എം ചിപ്പിന്റെ കരുത്തുമായി വരുന്ന സര്‍ഫസ് മിനി ടാബ്ലറ്റുകള്‍ വിന്‍ഡോസ് 8 പ്ലാറ്റ്‌ഫോമുമായി കോര്‍ത്തിണക്കിയാകും വിപണിയിലെത്തുക. 1440 X 1080 ​​​റെസല്യൂഷനില്‍ 7.5 ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തിലാണ് ഇവ പുറത്തിറങ്ങുക.

നിലവിലെ മോഡലുകള്‍ക്ക് അപ്രാപ്യമായിരുന്ന 3ജി, 4ജി കണക്ടിവിറ്റിയും സര്‍ഫസ് മിനിയില്‍ ഒരുക്കിയിരിക്കുന്നു. അതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് പുതിയ ഉത്പന്നവുമയി മൈക്രോസോഫ്റ്റ് കളത്തിലിറങ്ങുന്നത്. നിലവില്‍ ലഭ്യമായ ടാബ്ലറ്റുകളേക്കാള്‍ വലിപ്പം കുറച്ചു പുറത്തിറക്കുന്ന സര്‍ഫസ് മിനി ടാബ്ലറ്റുകളെ കുറിച്ച് കഴിഞ്ഞ വര്‍ഷം തന്നെ വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടിരുന്നു. അവതാരം ഇപ്പോള്‍ എന്നുമാത്രം.

ഗെയ്മിംഗ് ടാബ്ലറ്റായാണ് മൈക്രോസോഫ്റ്റ് സര്‍ഫസ്
മിനിയെ രംഗത്തിറക്കുകയെന്നും സൂചനയുണ്ട്. താരതമ്യേന വലിപ്പം കുറവായതിനാല്‍ ഇവ വിപണി പിടിക്കുമെന്നാണ് ടെക്കികള്‍ പറയുന്നത്. ഏതായലും ആപ്പിളും
മൈക്രോസോഫ്റ്റും തമ്മിലുള്ള
ടാബ്ലറ്റ് യുദ്ധത്തിന്റെ വിജയം ആര്‍ക്കെന്നതാണ് ടെക്കികള്‍ കാത്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :