ഉപയോക്തൃ വിവരങ്ങള്‍ വില്‍ക്കാന്‍ പദ്ധതിയിട്ടെന്ന വാർത്തകളിൽ വിശദീകരണവുമായി ഫേസ്‌ബുക്ക്

Last Modified തിങ്കള്‍, 14 ജനുവരി 2019 (14:45 IST)
ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കമ്പനികള്‍ക്ക് വില്‍ക്കാന്‍ ഫേസ്ബുക്ക് പദ്ധതിയിട്ടിരുന്നുവെന്ന റിപ്പോർട്ടിൽ മറുപടിയുമായി ഫേസ്‌ബുക്ക്. ഇത്തരത്തിലൊരു ആലോചന നടന്നിട്ടില്ലെന്നും വിവരങ്ങള്‍ ആവശ്യപ്പെട്ട് പരസ്യദാതാക്കള്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

ഏകദേശം 2.5ലക്ഷം ഡോളര്‍ ഓരോ കമ്പനികളില്‍ നിന്നും ഈടാക്കി വിവരങ്ങള്‍ കൈമാറാന്‍ ഫേസ്ബുക്ക് 2012ല്‍ ചര്‍ച്ച നടത്തിയിരുന്നതായാണ് ആരോപണം. പിന്നീട് ഈ പദ്ധതി വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും യു.എസ് മാധ്യമങ്ങളായ ആര്‍ട്ട് ടെക്‌നിക്ക, വാള്‍ സ്ട്രീറ്റ് ജേണല്‍ എന്നിവര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്‌റ്റ്‌വെയര്‍ ഡെവലപ്പര്‍ കമ്പനിയായ സിക്‌സ് 4 ത്രീയും ഫേസ്‌ക്കുമായുള്ള കേസുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ ആരോപണങ്ങളെല്ലാം ഫേസ്ബുക്ക് ഡെവലപ്പര്‍ പ്ലാറ്റ്‌ഫോംസ് ആന്‍ഡ് പ്രോഗ്രാംസ് ഡയറക്ടര്‍ കോണ്‍സ്റ്റാന്റിനോസ് പാപാമില്‍ഷ്യാഡിഡ് നിഷേധിച്ചു. നേരത്തെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഫേസ്ബുക്കിനു മേല്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :