കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മൊബൈല്‍ വരിക്കാരെ സന്തോഷിപ്പിക്കുന്ന വാര്‍ത്തിയിതാ. എംടിസിയുടെ മൊബൈല്‍ കണക്ഷന്‍ എടുക്കൂ, ഒപ്പം HTC-യുടെ ആന്‍ഡ്രോയിഡ് മൊബൈല്‍ സൌജന്യമായി കരസ്ഥമാക്കൂ. മൊബൈല്‍ സേവന ദാതാവ് സൌജന്യമായി മൊബൈല്‍ നല്‍കുന്ന രീതി വിദേശ രാജ്യങ്ങളില്‍ ഉണ്ടെങ്കിലും ഇതാദ്യമായാണ് ഇന്ത്യയില്‍ ഈ രീതി പരീക്ഷിക്കപ്പെടുന്നത്. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ പത്തൊമ്പതോളം ടെലികോം സര്‍ക്കിളുകളില്‍ ഉള്ളവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
മൊബൈല്‍ സൌജന്യമായി ലഭിക്കാന്‍ ചെറിയൊരു നിബന്ധനയുണ്ടെന്ന് കൂടി പറയട്ടെ. ഒരുവര്‍ഷത്തോളം 1500 രൂപയ്ക്ക് ഫോണ്‍ ഉപയോഗിക്കും എന്നൊരു കരാര്‍ വരിക്കാര്‍ ഒപ്പിടേണ്ടതുണ്ട്. ഈ തുകയ്ക്ക് 1500 ഫ്രീ മിനിറ്റുകളും (ലോക്കല്‍ ഫോണിലേക്കും എസ്‌ടിഡി ഫോണിലേക്കും) 1500 എസ്‌എംഎസും 1500 എംബി ഇന്റര്‍നെറ്റ് ഡാറ്റയും ഓരോ മാസവും മറ്റ് തുകയൊന്നും അടയ്ക്കാതെ തന്നെ ഉപയോഗിക്കുകയുമാകാം.
‘എന്‍ട്രി ലെവല്‍’ സ്മാര്‍ട്ട്‌ഫോണാണ് എച്ച്‌ടിസി പ്ലസ്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 2.1 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഈ ഫോണിന്റെ പ്ലാറ്റ്‌ഫോം. 528 മെഗാഹെര്‍ട്ട്‌സ് ക്വാല്‍കോം പ്രോസസര്‍, 320 x 480 പിക്സല്‍ HVGA റസലൂഷനുള്ള 3.2 ഇഞ്ച് ടച്ച് സ്ക്രീന്‍, 5 മെഗാപിക്സല്‍ ക്യാമറ, 8 ജിബി മെമ്മറി കാര്‍ഡ് എന്നിവയാണ് ഈ മൊബൈലിന്റെ സവിശേഷതകള്‍. ഫോണില്‍ മൊബൈല്‍ ടിവിയും ഉണ്ട്. EVDO ഉള്ളതിനാല്‍ 3.1 എംബിപിഎസ് വേഗതയില്‍ ഡൌണ്‍ലോഡ് ചെയ്യുകയുമാകാം.
ഈ അവസരം ഉപയോഗപ്പെടുത്തണമെങ്കില്‍ സാധാരണ നിലയില്‍ നല്‍കുന്നതിനേക്കാള്‍ അല്‍പം കൂടുതല്‍ രേഖകള്‍ നല്‍കേണ്ടതുണ്ട്. ഫോട്ടോ, പാന്‍ കാര്‍ഡ് കോപ്പി, അഡ്രസ് പ്രൂഫ് രേഖ എന്നിവയ്ക്കൊപ്പം ആറ് പോസ്റ്റുഡേറ്റഡ് ചെക്കുകളും ഏറ്റവും അവസാനത്തെ രണ്ട് സാലറി സ്ലിപ്പുകളും നല്‍കേണ്ടിവരും. സ്വന്തമായി തൊഴില്‍ ചെയ്യുന്നവരാണെങ്കില്‍ രണ്ട് വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ രേഖയുടെ പകര്‍പ്പ് നല്‍കേണ്ടതുണ്ട്.
പ്രതിമാസം 1500 നല്‍കണമെന്ന വാഗ്ദാനവും ഡോക്യുമെന്റേഷന്റെ സങ്കീര്‍ണതയും ഉണ്ടെങ്കില്‍ തന്നെ, എംടിഎസിന്റെ ഈ ഉദ്യമം സ്വാഗതാര്‍ഹമാണെന്ന് ഐടി വിദഗ്ധര്‍ കരുതുന്നു. എംടിഎസിന്റെ ഈ വാഗ്ദാനം കണ്ട് ഞെട്ടിയിരിക്കുന്ന മറ്റ് സേവന ദാതാക്കളും ഈ വഴി പിന്തുടര്‍ന്നാല്‍ ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ലാഭമാണെന്നാണ് കരുതപ്പെടുന്നത്.