രാജ്യത്തെ ഐടി മേഖല പുത്തനുണര്‍വിന്റെ പാതയിലാണെന്നും വരുന്ന പന്ത്രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഏകദേശം രണ്ടുലക്ഷം ജോലിക്കാരെ ഐടി കമ്പനികള്‍ പുതിയതായി നിയമിക്കുമെന്നും ഇന്‍ഫോസിസ് വിലയിരുത്തുന്നു. ഇന്‍ഫോസിസ് സിഇഒ ക്രിസ് ഗോപാലകൃഷ്ണന്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതാണിത്.
“വളര്‍ച്ച വീണ്ടും ഐടി രംഗത്ത് തിരിച്ചെത്തിയിരിക്കുന്നു. ഐടി കമ്പനികള്‍ വീണ്ടും പുതിയ ജോലിക്കാരെ എടുക്കാന്‍ തുടങ്ങിയിരിക്കുന്നു. അടുത്ത പന്ത്രണ്ട് മാസത്തിനുള്ളില്‍ രാജ്യത്തെ പ്രമുഖ ഐടി കമ്പനികള്‍ 160,000 തൊട്ട് 180,000 വരെ പുതിയ ജോലിക്കാരെ നിയമിക്കുമെന്നാണ് ഇന്‍ഫോസിസ് വിലയിരുത്തുന്നത്. 2008-ല്‍ ഐടി കമ്പനികളുടെ വളര്‍ച്ച മുരടിക്കുകയും മിക്ക കമ്പനികളും പുതിയ ജോലിക്കാരെ നിയമിക്കുന്നത് നിര്‍ത്തുകയും ചെയ്തിരിക്കുന്നു. എന്നാലിപ്പോള്‍ സ്ഥിതിഗതി അപ്പാടെ മാറിയിരിക്കുകയാണ്.”
“ഐടി വ്യവസായത്തിന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്. 1993-ല്‍ ഈ വ്യവസായ രംഗത്ത് 1,50,000 ജോലിക്കാരാണ് ഉണ്ടായിരുന്നത്. 1999-ല്‍ ഈ സംഖ്യ ഇരട്ടിയായി 5,00,000-ത്തില്‍ എത്തി. ഇപ്പോഴാകട്ടെ രണ്ട് മില്യണ്‍ ആളുകള്‍ ഈ വ്യവസായ രംഗത്ത് ജോലി ചെയ്യുന്നുണ്ട്” - ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
2007-ലാണ് ഐടി കമ്പനികള്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരെ നിയമിച്ചത്. എന്നാല്‍ 2011-ല്‍ ഇതിനേക്കാള്‍ അധികം ജീവനക്കാരെ ഇന്ത്യന്‍ ഐടി കമ്പനികള്‍ പുതിയതായി നിയമിക്കും എന്നാണ് അറിയുന്നത്. ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കൊപ്പം ഐബിഎം, അക്സചഞ്ച്വര്‍, എച്ച്‌പി തുടങ്ങിയ ആഗോള കമ്പനികളും വലിയ അളവില്‍ പുതിയ ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുകയാണ്.