അശ്ലീല ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയതിന് ചൈന ഇതുവരെ രാജ്യത്ത് 1250 വെബ്സൈറ്റുകള്‍ നിരോധിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജനുവരി അഞ്ചിന് ആരംഭിച്ച സര്‍ക്കാര്‍ നടപടിയില്‍ ഇതുവരെ 41 പേരെ അറസ്റ്റ് ചെയ്തതായും ചൈനീസ് ആഭ്യന്തരകാര്യ വിഭാഗ ഡെപ്യൂട്ടി ഡയറക്ടര്‍ ല്യൂ ഴെങ്ഗ്രൊംഗ് പറഞ്ഞു.
അതേസമയം അശ്ലീല സൈറ്റുകള്‍ക്കെതിരെയുള്ള നടപടികള്‍ സര്‍ക്കാര്‍ തുടരുമെന്നും ല്യൂ വ്യക്തമാക്കി. അശ്ലീല ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയതിന് പുതിയ 224 വെബ്സൈറ്റുകളെക്കൂടി ചൈന നിരോധിച്ചതായി കഴിഞ്ഞയാഴ്ച ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ വെളിപ്പെടുത്തിയിരുന്നു. സദാചാര വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ കാര്യങ്ങള്‍ സൈറ്റിലോ ബ്ലോഗുകളിലോ ഉള്‍പ്പെടുത്താതിരിക്കാന്‍ പ്രമുഖ വെബ്സൈറ്റുകള്‍ക്കെല്ലാം സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇലക്ട്രോണിക് മധ്യമങ്ങളിലൂടെയുള്ള അശ്ലീല പ്രചരണങ്ങള്‍ക്കെതിരെ ചൈനീസ് സര്‍ക്കാര്‍ കഴിഞ്ഞ ഒരു മാസമായി കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണ്. മൊബൈല്‍ ഫോണ്‍ ഗെയിമുകളും ഓണ്‍ലൈന്‍ ഗെയിമുകളും റേഡിയോ പ്രോഗ്രാമുകളും നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈന ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ഒന്നാം സ്ഥാനത്താണ്. രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 42 ശതമാനത്തിന്റെ വര്‍ദ്ധനവാണ് 2008ല്‍ ഉണ്ടായത്. അതേസമയം ഇന്റര്‍നെറ്റിന് അടിമപ്പെടുന്ന കൌമാരക്കാരുടെ എണ്ണം ചൈനയില്‍ ഭയാനകമാം വിധം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്റര്‍നെറ്റ് ചാറ്റിംഗും വീഡിയോ ഗെയിമുകളും കുട്ടികളുടെ സാമൂഹ്യ ചിന്തയെ ഗുരുതരമായി ബാധിക്കുന്നതായും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.