‘സൈബര്‍ യുദ്ധത്തിലെ’ ആദ്യ കുറ്റവാളി

ടല്ലിന്‍: | WEBDUNIA| Last Modified തിങ്കള്‍, 28 ജനുവരി 2008 (17:43 IST)
എസ്റ്റോണിയന്‍ ഭരണകൂടത്തിനെതിരെ ‘സെബര്‍ യുദ്ധം’ നടത്തി വന്നവരില്‍ ഒരാള്‍ പിടിയില്‍. എസ്റ്റോണിയന്‍ സര്‍ക്കാരിനെതിരെ സൈബര്‍ യുദ്ധം നടത്തിയതിന് ആദ്യമായി ശിക്ഷ നേരിടേണ്ടി വരുന്നതും പിടിയിലായ ഡിമിട്രി ഗലുഷേവിക് എന്ന റഷ്യന്‍ വംശജനായ വിദ്യാര്‍ത്ഥിയായിരിക്കും.

എസ്റ്റോണിയന്‍ പ്രധാനമന്ത്രി ആന്‍ഡ്രൂസ് അന്‍സിപിന്‍റെ റിഫോം പാര്‍ട്ടി വെബ്സൈറ്റ് തകര്‍ത്തതാണ് ഗലുഷേവിക്കെനെതിരെയുള്ള കുറ്റം. 2007 ഏപ്രില്‍ 25 മുതല്‍ മെയ് നാല് വരെ വെബ്സൈറ്റ് നിരന്തരം ഹാക്കിംഗിന് വിധേയമാക്കുകയായിരുന്നു എന്നതാണ് ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.

ടല്ലിനില്‍ നിന്ന് ഒരു സോവിയറ്റ് യുദ്ധ സ്മാരകം നീക്കം ചെയ്യുന്നതിനെതിരെയാണ് ബാള്‍ട്ടിക് റിപ്പബ്ലിക്കായ എസ്റ്റോണിയയില്‍ സെബര്‍ യുദ്ധം തുടങ്ങിയത്. സോവിയറ്റ് യൂണിയനെതിരെയുള്ള നടപടിയായി ഇതിനെ ചിത്രീകരിച്ച റഷ്യന്‍ വംശജര്‍ രാജ്യത്തെ വ്യാപാര സെറ്റുകളും സര്‍ക്കാര്‍ സൈറ്റുകളും ഹാക്ക് ചെയ്യുന്നത് നിത്യ സംഭവമായിരുന്നു.

പ്രധാനമന്ത്രി അന്‍സിപ്പിനെതിരെയുള്ള നടപടിയായാണ് സെബര്‍ യുദ്ധത്തില്‍ പങ്കാളിയായത് എന്ന് ഗലുഷെവിക് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങളായ റഷ്യന്‍ വംശജരും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ് ഗലുഷേവിക് പിടിയിലാവുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :