ഫേസ്ബുക്കും ട്വിറ്ററും ഗൂഗിളിന് ഭീഷണിയാകുന്നുണ്ടെങ്കിലും സേവനങ്ങളുടെ എണ്ണം കൊണ്ടും ആപ്ലിക്കേഷനുകളുടെ പുതുമ കൊണ്ടും ഗൂഗിള്‍ ഇപ്പോഴും രാജാവായി തുടരുകയാണ്. ഗൂഗിള്‍ വികസിപ്പിച്ചടുത്ത ഓപ്പണ്‍ സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ പ്രചാരം കത്തിക്കയറുന്നത് മൈക്രോസോഫ്റ്റ്, നോക്കിയ, ആപ്പിള്‍ തുടങ്ങിയ കമ്പനികളെ വിറളി പിടിപ്പിച്ചിട്ടുണ്ട്. പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സേവനങ്ങളും ആപ്ലിക്കേഷനുകളും എന്നാണ് ഗൂഗിളിന്റെ രീതി. ഗൂഗിളിന്റെ ഈ രീതിക്ക് മുമ്പില്‍ പ്രത്യേക മേഖലകളില്‍ ‘സ്പെഷ്യലൈസ്’ ചെയ്യുന്ന കമ്പനികള്‍ പോലും ഭയന്ന് നില്‍ക്കുകയാണ്.
സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ഗൂഗിള്‍ മുന്നേറ്റം നോക്കിയയെയും മൈക്രോസോഫ്റ്റിനെയും വിറളി പിടിപ്പിച്ചതിനെ തുടര്‍ന്നാണ് സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് ഇരു കമ്പനികളും തീരുമാനമെടുത്തത്. എന്നാല്‍ സംയുക്ത നീക്കം പുറത്ത് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മൈക്രോസോഫ്റ്റിന്റെ ഓഹരി നിലവാരം ഇടിഞ്ഞു എന്നത് ശ്രദ്ധേയമാണ്. നിക്ഷേപകരുടെ അങ്കലാപ്പ് മാറ്റാന്‍, സംയുക്ത നീക്കം എന്തുകൊണ്ടെന്ന് വിശദീകരിക്കുന്ന 7 കാരണങ്ങള്‍ വിവരിച്ചുകൊണ്ട് തുറന്ന കത്ത് പുറത്തിറക്കിയിരിക്കുകയാണ് ഇരുവരുമിപ്പോള്‍.
ഗൂഗിളിന്റെ സെര്‍ച്ച് ഉല്‍പ്പന്നങ്ങളായ വെബ് സെര്‍ച്ച്, വീഡിയോ സെര്‍ച്ച്, ബ്ലോഗ് സെര്‍ച്ച് എന്നിവയ്ക്ക് പുറമെ, ഗൂഗിള്‍ മെയില്‍, ബ്രൌസര്‍, ഗൂഗിള്‍ അപ്ലിക്കേഷന്‍സ് തുടങ്ങിയ മറ്റ് സേവനങ്ങളും കുതിച്ചു മുന്നേറുകയാണ്. ആന്ഡ്രൊയ്ഡിനു വേണ്ടി പുറത്തിറക്കിയ നിരവധി ഗൂഗിള്‍ അപ്ലിക്കേഷനുകള്‍ വേറെയും കിടപ്പുണ്ട്.
ഗൂഗിളിന്റെ ബ്രൌസറായ ക്രോമിന് ലഭിക്കുന്ന സ്വീകാര്യത ബ്രൌസര്‍ നിര്‍മാതാക്കളെ അസൂയപ്പെടുത്തുന്നതാണ്. ഉപയോക്താക്കള്‍ക്ക് വേണ്ട സംവിധാനങ്ങള്‍ നല്കുന്ന വ്യത്യസ്ത ‘എക്സ്റ്റന്‍ഷനുകള്‍’ ആണ് ക്രോമിനെ ജനപ്രിയമാക്കുന്നത്. ക്രോമിലെ ഗൂഗിള്‍ ഇന്‍സ്റ്റന്റ് സംവിധാനം തിരച്ചില്‍ സംവിധാനത്തെ അസാധ്യ വേഗതയില്‍ എത്തിച്ചിരിക്കുന്നു. യൂആര്‍എല്‍ അടിച്ചുതുടങ്ങുമ്പോള് തന്നെ വെബ്പേജ് ലോഡ് ചെയ്യാന്‍ തുടങ്ങുമെന്നതാണ് ഗൂഗിള്‍ ഇന്‍സ്റ്റന്റിന്റെ പ്രത്യേകത.
ഒരു ഡൊമെയിന് സ്വന്തമായുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന അനേകം ആപ്ലിക്കേഷനുകള്‍ അടങ്ങിയ സേവനമാണ് ‘ഗൂഗിള്‍ ആപ്പ്സ്’. ഈ സേവനം അമ്പത് ഉപയോക്താക്കള്‍ക്ക് വരെ സൌജന്യമാണ്. ഒരുതരത്തിലുള്ള സോഫ്റ്റ്വെയര് - ഹാര്ഡ്വെയര് പിന്തുണയും ഉപയോക്താവിന്റെ ഡൊമെയിനില്‍ ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ ആവശ്യമില്ല. ആപ്ലിക്കേഷനുകളില്‍ തന്നെ എല്ലാ പിന്തുണയും ഉണ്ട്.
അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപയോഗപ്രദമാകുന്ന ചില അപ്ലിക്കേഷനുകളും ഗൂഗിള്‍ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ വിഷയങ്ങള്‍ കൈകാര്യം ചെയ്ത് വരുന്ന ബ്രൈന്പോപ് ഒരു ഉദാഹരണമാണ്. ശ്രദ്ധിക്കേണ്ട വസ്തുത ഇത് സൌജന്യമല്ല എന്നതാണ്. എങ്കിലും ‘ഗൂഗിള്‍ ആപ്പ്സ്’ ഉപയോക്താക്കള്‍ക്ക് മാര്‍ച്ച് ഒന്നുവരെ ഈ സേവനം സൈജന്യമായി ഉപയോഗപ്പെടുത്താം.