ഇന്‍റര്‍നെറ്റ് ഭീമനായ യാഹൂ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. സാമ്പത്തിക മാന്ദ്യം രൂക്ഷമായതോടെ പുതിയ ചെലവ് കുറയ്ക്കല്‍ നടപടികളുടെ ഭാഗമായാണ് ജീവനക്കാരുടെ ശമ്പളത്തില്‍ കുറവ് വരുത്താന്‍ കമ്പനി തീരുമാനിച്ചത്.
എന്നാല്‍ യാഹുവിന്‍റെ വാര്‍ഷിക ബോണസ് പദ്ധതിയേയോ ജീവനക്കാരുടെ പ്രമോഷനേയോ പുതിയ തീരുമാനം ബാധിക്കില്ലെന്ന് കമ്പനി വക്താവ് ബ്രാഡ് വില്യംസ് പറഞ്ഞു. ഈ മാസം ചുമതലയേറ്റ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കരോള്‍ ബാര്‍ട്സിന്‍റെ നേതൃത്വത്തില്‍ നടന്ന സമിതി യോഗമാണ് ശമ്പളം കുറയ്ക്കാനുള്ള തീരുമാനമെടുത്തത്. അധികാരമേറ്റതിന് ശേഷം ബാര്‍ട്സ് നടത്തുന്ന ആദ്യ ചെലവ് ചുരുക്കല്‍ നീക്കമാണിത്. ശമ്പളത്തിലെ വാര്‍ഷിക വര്‍ദ്ധന നിര്‍ത്തലാക്കാനും എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
അതേസമയം പുതിയ സിഇഒയുടെ തീരുമാനം കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാനേ സഹായിക്കുകയുള്ളൂ എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ജീവനക്കാരുടെ ആത്മവിശ്വാസം കുറയ്ക്കുന്ന തീരുമാനമാണ് യാഹൂ കൈക്കൊള്ളുന്നതെന്ന് ആരോപണമുണ്ട്.