ലോക ജനതയ്‌ക്ക് മൊബൈല്‍ ഒഴിച്ചു കൂടാന്‍ വയ്യാത്ത സാഹചര്യത്തെ പരസ്യവുമായി ബന്ധപ്പെടുത്തി എങ്ങനെ പണം വാരാമെന്നതാണ് മൊബൈല്‍ കമ്പനിക്കാരുടെ ചിന്ത. ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സായ പരസ്യ വിപണിയെ ഹാന്‍ഡ് സെറ്റുമായി കൂട്ടിയിണക്കാനുള്ള നീക്കം പല കമ്പനികളും തുടങ്ങിക്കഴിഞ്ഞു.
മൂന്നു ബില്യണ്‍ ഉപഭോക്താക്കളില്‍ നിന്നായി 1 ബില്യണ്‍ ഡോളറിന്‍റെ സമ്പാദ്യമുള്ള പണം കായ്‌ക്കുന്ന വിപണിയാണ് മൊബൈല്‍ പരസ്യവിപണി. മൊബൈല്‍ ഉപഭോഗത്തിന്‍റെ കാര്യത്തില്‍ ഒരു ലഹരി തന്നെയുള്ള ഇന്ത്യന്‍ വിപണികളെ തന്നെയാണ് ഇക്കാര്യത്തില്‍ മൊബൈല്‍ കമ്പനികള്‍ ലക്‍ഷ്യമിടുന്നതും. 2010 ല്‍ ഉപഭോക്താക്കളുടെ എണ്ണം 500 ദശലക്ഷമായി ഉയരുമെന്ന കണ്ടെത്തലാണ് ഇതിനു പിന്നില്‍.
ആറു മാസം മുമ്പ് വരെ അഞ്ചു മുതല്‍ ആറു വരെ കോടി രൂപ മാത്രമായിരുന്ന മൊബൈല്‍ പരസ്യവിപണി അടുത്ത മാര്‍ച്ചില്‍ 20-25 കോടി എന്ന കണക്കിലേക്ക് ഉയരുമെന്നതാണ് വിദഗ്ദരുടെ പ്രതീക്ഷ. മൊബൈല്‍ പരസ്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ മുന്‍ഗാമികള്‍ സി ഡി എം എ ഫോണുകളിലെ ഒന്നാമനായ റിലയന്‍സ് തന്നെയായിരുന്നു.
നാലു വര്‍ഷമായി മൊബൈല്‍ പരസ്യങ്ങളുടെ കാര്യത്തില്‍ 20 ല്‍ അധികം കക്ഷികള്‍ റിലയന്‍സിന്‍റെ കൈവശമുണ്ട്. 2003 ലോകകപ്പ് ക്രിക്കറ്റില്‍ എല്‍ ജിയുമായിട്ടാണ് റിലയന്‍സ് തുടങ്ങിയത്. ഇപ്പോള്‍ കാഡ്ബറീസ്, കോക്ക്, മാരുതി ഹ്യുണ്ടായി എന്നിവര്‍ക്കൊപ്പം സാമ്പത്തിക രംഗത്തെ ഐ സി ഐ സി ഐ ബാങ്ക്, കോടാക്, എച്ച് ഡി എഫ് സി എന്നിവരുമുണ്ട്.
മൊബൈല്‍ പരസ്യരംഗത്തെ പല രീതിയിലാണ് വിപണി ഉപയോഗിക്കുന്നത്. മൊബൈല്‍ പരസ്യത്തിന്‍റെ കാര്യത്തിലെ ഇടനിലക്കാരില്‍ പ്രമുഖരാണ് ബാംഗ്ലൂര്‍ ആസ്ഥാനമായ എം ജിഞ്ചര്‍. ഉപഭോക്താവിന്‍റെ പെര്‍മിഷന്‍ അടിസ്ഥാനത്തില്‍ ഇവര്‍ മൊബൈലുകളില്‍ പരസ്യമെത്തിക്കുന്നു. പരസ്യം പ്രത്യക്ഷപ്പെടാന്‍ ഉപഭോക്താവ് തന്നെ പണം മുടക്കുന്ന രീതിയാണിത്. എം ജിഞ്ചര്‍ വഴി പരസ്യം ലഭിക്കുന്ന ഉപഭോക്താവ് 20 പൈസ ഓരോ പരസ്യത്തിനും നല്‍കുന്നു.