ലോകം കാത്തിരുന്നത് പോലെ, നോക്കിയ വിപ്ലവകരമായ ഒരു മാറ്റത്തിന് തയ്യാറാവുകയാണ്. സിമ്പിയന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നോക്കിയ മൊബൈലുകള്‍ ഒന്നുകില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡോ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ 7-നോ ഉപയോഗിക്കുമെന്നാണ് സൂചനകള്‍. നോക്കിയയുടെ സിഇഒ സ്റ്റീഫന്‍ ഇലോപ്പ് ഈ സൂചനകള്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ (Q4 2010) കമ്പനി കാഴ്ചവച്ച നിരാശപ്പെടുത്തുന്ന പ്രകടനമാണ് നോക്കിയയെ മാറ്റിചിന്തിപ്പിക്കുന്നത് എന്നറിയുന്നു.
നിലവില്‍ നോക്കിയയുടെ മൊബൈലുകള്‍ പ്രവര്‍ത്തിക്കുന്നത് സിമ്പിയന്‍/മീഗോ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലാണ്. എന്നാല്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വരവോടെ മൊബൈല്‍ വിപണി ഉഷാറായി. ഓപ്പണ്‍ സോഴ്സ് കോഡ് ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഇപ്പോള്‍ വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. സാംസങ്ങ്, മോട്ടറോള, സോണി എറിക്സണ് തുടങ്ങിയ കമ്പനികള്‍ ഇപ്പോള്‍ തന്നെ ആന്‍ഡ്രോയിഡ് മൊബൈലുകള്‍ വിജയകരമായി പുറത്തിറക്കിയിട്ടുണ്ട്.
ആപ്പിളിന്റെ ഐഫോണ്‍ പ്രവര്‍ത്തിക്കുന്നത് ആപ്പിളിന്റെ തന്നെ ഐഓഎസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. സ്മാര്‍ട്ട്ഫോണില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ആപ്പിള്‍ ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ നൂതനമാക്കുകയും ചെയ്തിരുന്നു. മൊബൈല്‍ വിപണിയിലെ ചൂടപ്പമായ ബ്ലാക്ക്ബെറിയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത് റിസര്‍ച്ച് ഇന്‍ മോഷന്റെ ബ്ലാക്ക്ബെറി ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. ഇതും മികച്ച മൊബൈല്‍ ഓഎസ് ആയി കണക്കാക്കപ്പെടുന്നു. നോക്കിയയും സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സജീവമാണെങ്കിലും ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്ന ഫോണുകളും ഐഫോണും ബ്ലാക്ക്ബെറിയും ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുന്നില്ല.
മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന എച്ച്ടിസി തുടങ്ങിയ മോഡലുകള്‍ വിപണിയില്‍ സജീവമാണ്. ആന്‍ഡ്രോയിഡ് പോലെ തന്നെ കഴിവുറ്റ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിന്‍ഡോസ് 7, പക്ഷേ, ജനപ്രീതി ഇല്ല. എങ്കിലും സിമ്പിയന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പകരമായി നോക്കിയ ഒരുപക്ഷേ വിന്‍ഡോസ് 7 ഉപയോഗിച്ചേക്കും. കാരണം, മൈക്രോസോഫ്റ്റിന്റെ പഴയൊരു ജീവനക്കാരനാണ് നോക്കിയയുടെ ഇപ്പോഴത്തെ സിഇഓ സ്റ്റീഫന്‍ ഇലോപ്പ്.
നോക്കിയയും കൈവിടുന്നതോടെ, ലോകത്തിലെ ഏറ്റവും ജനപ്രിയ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ സിമ്പിയന്‍ ചരിത്ര വിസ്മൃതിയിലേക്ക് നടന്നുമറയുമോ ഇക്കൊല്ലം അറിയാം.