ഓണ്‍ലൈന്‍ മേഖലയില്‍ ഒട്ടേറെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ചൈനയില്‍ ഇന്റര്‍നെറ്റ് ഭീമന് ഗൂഗിള്‍ സൌജന്യ ഓണ്‍ലൈന്‍ മ്യൂസിക് സേവനം തുടങ്ങുന്നു. ദശലക്ഷകണക്കിന് മ്യൂസിക് ട്രാക്കുകളാണ് ചൈനയിലെ സംഗീതപ്രിയര്ക്കായി ഗൂഗിള്‍ സമ്മാനിക്കുന്നത്. പ്രത്യേക വെബ്പേജില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് സേവനം നല്‍കുന്നത്.
ഒരു വര്‍ഷം മുമ്പ് തന്നെ ഇതിന്റെ പരീക്ഷണപദ്ധതി നടപ്പിലാക്കിയിരുന്നു. ചൈനീസ് സേര്‍ച്ച് എഞ്ചിന് ബൈഡു.കോമുമായി ചേര്‍ന്നാണ് ഇത്തരമൊരു സേവനം ഗൂഗിള്‍ നടപ്പാക്കുന്നത്. പരീക്ഷണ പദ്ധതി വന്‍വിജയമായിരുന്നു എന്ന് ഗൂഗിള്‍ അധികൃതര്‍ അറിയിച്ചു.
വാര്‍ണര്‍ മ്യൂസിക്, എമി, യൂണിവേഴ്സല്‍ മ്യൂസിക്, സോണി ബി എം ജി എന്നിവയുടെ സംഗീത ടൈറ്റിലുകളെല്ലാം ഗൂഗിള്‍ മ്യൂസിക് വെബ്പേജിലുണ്ടാകും.
പാട്ടിന്റെ തലക്കെട്ട്, പാട്ട് സംവിധാനം ചെയ്ത വ്യക്തി എന്നീ വിവരങ്ങള്‍ കൊടുത്ത് ഉപയോക്താവിന് ആവശ്യമുള്ള സംഗീതം കണ്ടെത്താനാകും. ഇതിനു പുറമെ വോയിസ് സേര്‍ച്ച് ടെക്നോളജി കൂടി ഉപയോഗിക്കാനാകുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.