ചൈനയ്ക്ക് മാനസികനില തെറ്റിയെന്ന് ഗൂഗിള്‍

ബീജിംഗ്| WEBDUNIA|
PRO
PRO
ചൈനയിലെ പരിമിതമായ ഗൂഗിള്‍ സാന്നിധ്യത്തെയും ഇല്ലാതാക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നതായി പരാതി. രാജ്യത്ത് ഗൂഗിളിന്‍റെ ജിമെയില്‍ സേവനത്തിനെതിരെ സൈബര്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതായാണ് ഗൂഗിള്‍ പറയുന്നത്. സര്‍ക്കാരിന്‍റെ പ്രതികൂല നീക്കങ്ങള്‍ മൂലം ചൈനയിലെ തങ്ങളുടെ സാന്നിധ്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവന്ന ഗൂഗിള്‍ അടുത്ത യുദ്ധത്തിലേക്ക് അടുക്കുകയാണെന്ന് ഓണ്‍‌ലൈന്‍ വിദഗ്ധര്‍ കരുതുന്നു. അടുത്തുതന്നെ ചൈന വിട്ട് ഗൂഗിളിന് ഓടേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.

ചൈനയുടെ പ്രതികരണം എന്നത്തെയും പോലെത്തന്നെയാണ്. പ്രശ്നം ഗൂഗിളിന്‍റെ ഏതെങ്കിലും സാങ്കേതികപ്പിഴവ് ആയിരിക്കുമെന്ന വാദമാണ് ചൈനീസ് അധികൃതരുടെ ഭാഗത്തുനിന്ന് വരുന്നത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ സാങ്കേതികതയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്നും കുഴപ്പം ചൈനയുടെ മാനസികനിലയ്ക്കാണെന്നും ഗൂഗിളും വ്യക്തമാക്കി.

പ്രശ്നം ഗൂഗിളിന്‍റേതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ടിപ്പണികളെല്ലാം ചൈന ചെയ്തുവെച്ചിട്ടുണ്ട്. ഇത്തരമേര്‍പ്പാടുകള്‍ ഏറ്റവും വിദഗ്ധമായി ചെയ്തു തീര്‍ക്കാന്‍ ശേഷിയുള്ളവരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്തിയെടുത്തിട്ടുണ്ട് എന്നത് എല്ലാവര്‍ക്കുമറിയാവുന്ന ചൈനീസ് രഹസ്യമാണ്. ചൈനയില്‍ മര്യാദയ്ക്ക് കച്ചവടം നടത്തി വന്നിരുന്ന ലോക ബാങ്കിംഗ് ഭീമന്‍ മോര്‍ഗനെ ലക്‍ഷ്യം വെച്ച് ചൈനീസ് പൊളിറ്റ്ബ്യൂറോയുടെ പിന്തുണയോടെ ഹാക്കിംഗ് നടത്തിയത് ഈയിടെ പുറത്ത് വന്നിരുന്നു.

ചൈനയിലെ ജനാധിപത്യവാദികളുടെ ജിമെയില്‍ അക്കൌണ്ടുകളിലേക്ക് തങ്ങള്‍ക്ക് എത്തിനോട്ടം അനുവദിക്കാത്തതിന്‍റെ രോഷത്തിലാണ് ഗൂഗിളിനെതിരെ ചൈന ആക്രമണ പരമ്പര തന്നെ നടത്തിയത്. സഹികെട്ട് പുറത്തുപോന്ന ഗൂഗിളിന് നിലവില്‍ വളരെ കുറഞ്ഞ ബിസിനസ്സ് മാത്രമാണ് രാജ്യത്തുള്ളത്.

പുതിയ നീക്കങ്ങള്‍ക്ക് കാരണം മധ്യേഷ്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട വിപ്ലവങ്ങളാണെന്ന് നിരീക്ഷിക്കപ്പെടുന്നു. അറേബ്യന്‍ സ്വേച്ഛാധിപതികള്‍ക്കെതിരെ നടന്നുകോണ്ടിരിക്കുന്ന ജനകീയ മുന്നേറ്റങ്ങള്‍ സൈബര്‍ ലോകത്തിന്‍റെ ശക്തമായ പിന്തുണയോടെയാണെന്ന് മറ്റാരേക്കാളും ചൈന തിരിച്ചറിയുന്നുണ്ട്. ജിമെയില്‍ പോലുള്ള രഹസ്യ സന്ദേശ മാര്‍ഗ്ഗങ്ങളിലൂടെ വിപ്ലവം ചൈനയിലേക്കും കടക്കുമെന്ന ഭയം അധികാരികള്‍ക്കുണ്ട്. അങ്ങനെ സംഭവിച്ചാല്‍ നിലവില്‍ പൊളിറ്റ്ബ്യൂറോയെ സഹായിച്ചുവരുന്ന ഹാക്കര്‍മാര്‍ പോലും പ്രതിവിപ്ലവകാരികളായി മാറിയേക്കാമെന്നും ചൈനയിലെ മൂത്ത കമ്മ്യൂണിസ്റ്റുകാര്‍ ഭയക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :