കഴിഞ്ഞ വര്‍ഷം ചൈനയില്‍ നിന്ന് ഇറങ്ങിപ്പോരുമ്പോള്‍ ഗൂഗിള്‍ ആശ്വസിച്ചു: തീര്‍ന്നു കിട്ടിയല്ലോ തൊന്തരവ്! എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ തീര്‍ത്തുകളയാന്‍ ഒരുക്കമല്ലായിരുന്നു ചൈന. ചൈനയില്‍ നിന്ന് ഹോങ്കോംഗിലേക്ക് സെര്‍വര്‍ മാറ്റിയതുകൊണ്ട് ഗൂഗിളിന്റെ ശല്യമൊഴിവാകുകയില്ല എന്ന് പൊളിറ്റ്ബ്യൂറോക്ക് തിരിച്ചറിവുണ്ട്. മൂലധനശക്തികളുടെ നീക്കങ്ങള്‍ അങ്ങേയറ്റം ചടുലവും നിലവിലെ സാഹചര്യങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഉയര്‍ന്ന ശേഷിയുള്ളതുമാണെന്ന് ജി സുധാകരന് പറഞ്ഞിട്ടുണ്ടല്ലോ.
എന്തിനധികം പറയുന്നു! പശു ചത്തിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞെങ്കിലും മോരിലെ പുളിക്ക് ഒരു കുറവുമില്ല. ഈ മുതലാളിത്ത വ്യവസ്ഥയിലെ മോരിന്റെ ഒരു പുളി! ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക വ്യവസ്ഥയായ ചൈനയെ തള്ളിക്കളഞ്ഞ് മുന്നോട്ട് പോകുക എന്നത് ഗൂഗിളിന് അസാധ്യമത്രെ. എന്നാല്‍ ഗൂഗിളിന്റെ കൂടെ നിന്നിട്ട് മറ്റു പങ്കാളികള്‍ക്ക് വലിയ കാര്യമില്ല എന്നതാണ് നിലവിലെ സ്ഥിതി.
ഗൂഗിള്‍ പുറത്ത് പോന്നതോടെ ചൈനയിലെ നിരവധി പാര്‍ട്ണര്‍മാര്‍ കമ്പനിയെ വിട്ടൊഴിയാന്‍ തുടങ്ങി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിവിധ മേഖലകളിലുള്ള നിരവധി പങ്കാളികള്‍ ഗൂഗിളിനെ വിട്ടൊഴിഞ്ഞുവെങ്കിലും, പ്രധാനപ്പെട്ട പങ്കാളിയായ സിന ഇതുവരെയും കൂടെയുണ്ടായിരുന്നു. ഇരു കമ്പനികളും തമ്മിലുള്ള കരാര്‍ ഈ മാസത്തോടെ അവസാനിക്കുകയാണ്. സിനയ്ക്ക് നല്കിവന്നിരുന്ന സെര്‍ച്ച് എഞ്ചിന് സേവനം ഗൂഗിള്‍ നിര്‍ത്തേണ്ടി വന്നിരിക്കുകയാണ്. സീന സ്വന്തം നിലയിലുള്ള സെര്‍ച്ച് എഞ്ചിന് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്
ചൈനയില്‍ എല്ലാ മേഖലകളിലും ഗൂഗിള്‍ തിരിച്ചടി നേരിടുകയാണ്. കമ്പനിയുടെ ആന്‍ഡ്രോയിഡ് ഫോണുകളെ മറികടന്ന് ചൈനാ മൊബൈലിന്റെയും മൈക്രോസോഫ്റ്റിന്റെയും ഉല്പന്നങ്ങള് രംഗം പിടിച്ചടക്കിക്കഴിഞ്ഞു. സെര്‍ച്ച് എഞ്ചിനുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ചൈനീസ് കമ്പനിയായ ബെയ്ദു ആണ്. ചൈനയില്‍ ബലപരീക്ഷണത്തിനായി യാഹൂവും രംഗത്തിറങ്ങിയിട്ടുണ്ട്. ഫേസ്ബുക്ക് സ്വന്തം സെര്‍ച്ച് എഞ്ജിന് തന്നെ സ്ഥാപിച്ചിരിക്കുകയാണ് ചൈനയില്‍.