കൌമാരക്കാര്‍ സെല്‍ഫോണ്‍ അടിമകള്‍

ടോക്കിയോ| WEBDUNIA|
ജപ്പാനിലെ കൌമാര പ്രായക്കാര്‍ സെല്‍ഫോണുകള്‍ക്ക് അടിപ്പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജാപ്പനീസ് കൌമാരപ്രായക്കാരില്‍ 90 ശതമാനം പേരും മൊബൈല്‍ഫോണ്‍ ഉപയോക്താക്കളാണ്. ദിവസവും ഡസന്‍ കണക്കിന് ഇ - മെയിലുകളാണ് മൊബൈല്‍ വഴി അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത്. ഇതിനു പുറമെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെ സ്ഥിരം സന്ദര്‍ശകര്‍ കൂടിയാണ് ഇവരെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എല്‍ പി, യു പി സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ 46 ശതമാനം സെല്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ 13 മുതല്‍ 14 വയസ്സ് വരെയുള്ള ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ 96 ശതമാനം പേരും മൊബൈല്‍ വരിക്കാരാണ്. ഒരു സ്കൂളിലെ നാലില്‍ ഒരു വിദ്യാര്‍ത്ഥിയെങ്കിലും മൊബൈല്‍ ഉപയോഗിക്കുന്നു.

ഇ-മെയില്‍, പുസ്തക വായന, സംഗീതം കേള്‍ക്കാന്‍, നെറ്റ് ബ്രൌസിംഗ്, ചാറ്റിംഗ് എന്നിവയ്ക്കാണ് ഇവര്‍ പ്രധാനമായും സെല്‍ഫോണ്‍ ഉപയോഗിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ ദിവസവും ചുരുങ്ങിയത് 50 ഇ - മെയിലുകളെങ്കിലും അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നു എന്നാണ് ജപ്പാന്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തു വിട്ട കണക്കില്‍ പറയുന്നത്.

വിദ്യാര്‍ഥികളില്‍ നാല് പേരില്‍ ഒരാള്‍ ഭക്ഷണസമയത്ത് മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ പത്ത് ശതമാനം പേര്‍ ബാത്ത് റൂമിലും സെല്‍ഫോണ്‍ കൊണ്ടു നടക്കുന്നു. ഹൈസ്കൂള്‍ വിദ്യാര്‍ഥികളില്‍ 18 ശതമാനം പേരും ക്ലാസിലും ഫോണ്‍ ഉപയോഗിക്കുന്നു. അതേസമയം, ഇവിടത്തെ രക്ഷിതാക്കളില്‍ ഭൂരിഭാഗവും ഈ അപകടം സംബന്ധിച്ച് ബോധവാന്‍‌മാരല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :