കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് നാലാം തലമുറയില്‍പ്പെട്ട ആപ്പിള്‍ ഐഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. 16 ജിബി, 32 ജിബി എന്നിങ്ങനെ രണ്ടു മോഡലുകളായിട്ടാണ് ആപ്പിള്‍ ഐഫോണ്‍-4 ഇന്ത്യയില്‍ അവതരിപ്പിച്ചത്. ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍, എയര്‍സെല്‍ എന്നിവയുമായി ചേര്‍ന്നാണ് ആപ്പിള്‍ ഐഫോണ്‍-4 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്.
ആപ്പിള്‍ ഐഫോണ്‍-4ന്റെ 16 ജിബി മോഡലിന് 34,500 രൂപയാണ് എയര്‍സെല്‍ ഈടാക്കുക. 32 ജിബി മോഡലിന് 40,900 രൂപയായിരിക്കും ഇന്ത്യയിലെ വില. 3.5 ഇഞ്ച് ഡിസ്പ്ളേ(640-960 പിക്സല്‍ റെസൊല്യൂഷന്‍), ഐഒഎസ്-4 ഓപ്പറേറ്റിംഗ് സിസ്റ്റം, 5 മെഗാപിക്സല്‍ ക്യാമറ (ഐഫോണിന്റെ മുന്‍ പതിപ്പുകളില്‍ 3 മെഗാപിക്സല്‍ ക്യാമറയായിരുന്നു), വീഡിയോ ചാറ്റിംഗിനായി ഫ്രണ്ട് വിജിഎ ക്യാമറ, വൈ-ഫൈ, ബ്ളൂടൂത്ത്, എച്ച്ഡിഎംഐ, ജിപിഎസ് എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍.
ഏഴ് മണിക്കൂര്‍ ത്രീജി ടോക്ക്ടൈം, ആറുമണിക്കൂര്‍ ത്രീജി ബ്രൗസിംഗ്, 10 മണിക്കൂര്‍ വൈഫൈ ബ്രൗസിംഗ്, 10 മണിക്കൂര്‍ വീഡിയോ-40 മണിക്കൂര്‍ ഓഡിയോ പ്ളേബാക്ക് എന്നിവ നല്കുന്ന ബാറ്ററിയാണ് ഇതിന്റെ മറ്റൊരു സവിശേഷത. 2010 ജൂണില്‍ അമേരിക്ക ഉള്‍പ്പടെ അഞ്ചുരാജ്യങ്ങളിലാണ് ആപ്പിള്‍ ഐഫോണ്‍-4 ആദ്യമായി പുറത്തിറക്കിയത്.