അന്ധരുടെ കാര്യത്തില്‍ ഗൂഗിളിന് മൂകതയോ?!

WEBDUNIA|
PRO
PRO
കണ്ണ് കാണാത്തവരോടുള്ള ഗൂഗിളിന്‍റെ സമീപനമെന്താണ്? ഇതറിയാന്‍ കണ്ണ് കാണുന്നവരോടുള്ള അവരുടെ സമീപനം പരിശോധിച്ചാല്‍ മതിയാകും. കണ്ണ് കാണുന്നവരിലുള്ള ഗൂഗിളിന്‍റെ ഒരേയൊരു കണ്ണ് കച്ചവടം മാത്രമാണ്. അറിവിന്‍റെ ജനാധിപത്യവല്‍ക്കരണം എന്നെല്ലാം ബുദ്ധിജീവി ചര്‍ച്ചകളില്‍ അവര്‍ വിളിച്ചു പറയുമെങ്കിലും, മൈക്രോസോഫ്റ്റിനെ നേരിടാനായി സ്വതന്ത്ര സോഫ്റ്റ്വെയറുകാരെ കൂട്ടുപിടിച്ചിട്ടുണ്ടെങ്കിലും സമ്പത്തിന്‍റെ സ്വകാര്യ വല്‍ക്കരണം തന്നെയാണ് ഗൂഗിളിന്‍റെയും ലക്‍ഷ്യം. രണ്ടുദിവസം മുമ്പ് ഗൂഗിളിന്‍റെ നാല് എക്സിക്യുട്ടീവുമാര്‍ക്ക് പണമായും ഓഹരിയായും കിടച്ചത് 56 ദശലക്ഷം ഡോളറിന്‍റെ സമ്മാനമാണ്.

പറഞ്ഞുവന്നത് കണ്ണ് കാണാത്തവരുടെ കാര്യമാണ്. അമേരിക്കയിലെ നോര്‍ത്ത്‌വെസ്റ്റേണ്‍ സര്‍വ്വകലാ‍ശാലയിലെ അന്ധവിദ്യാര്‍ത്ഥികള്‍ക്ക് പരാതി, ഗൂഗിള്‍ തങ്ങളെ പരിഗണിക്കുന്നില്ല എന്ന്. തങ്ങളെ പരിഗണിക്കാത്ത ഗൂഗിളിനെ സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് അമേരിക്കന്‍ മനുഷ്യാവകാശ വകുപ്പിനെ സമീപിച്ചിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. വീഡിയോ ചാറ്റെന്നും പ്രയോരിറ്റി ഇന്‍ബോക്സെന്നുമെല്ലാം പുതിയ പുതിയ സവിശേഷതകള്‍ വിപണിയിലിറക്കുന്ന ഗൂഗിള്‍ പക്ഷെ അന്ധര്‍ക്ക് വേണ്ടിയുള്ള അപ്ലിക്കേഷനുകള്‍ മെച്ചപ്പെടുത്താനോ പുതുക്കാനോ തയ്യാറാകുന്നില്ല എന്നാണ് ആരോപണം.

ഇമെയിലും മറ്റ് പ്രോഗ്രാമുകളുമെല്ലാം അന്ധവിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കിയെടുക്കാനായി ശബ്ദസംവിധാനമൊരുക്കാന്‍ ഗൂഗിള്‍ തയ്യാറാകുന്നില്ല. പല ടെക്സ്റ്റുകളും ശബ്ദമായി മാറാതെ അന്ധരെ ബുദ്ധിമുട്ടിക്കുന്നു. ഇക്കാരണത്താല്‍ കണ്ണ് കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്ന സാങ്കേതികതയുടെ മെച്ചങ്ങള്‍ കണ്ണില്ലാത്തവര്‍ക്ക് ലഭിക്കാതെ പോകുന്നു. അമേരിക്കയിലെ നഷണല്‍ ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ്സ് ആണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

അമേരിക്കയില്‍ ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയടക്കമുള്ള സ്ഥാപനങ്ങള്‍ ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അവയെല്ലാം റദ്ദ് ചെയ്യണമെന്നുമാണ് പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യം. അതായത്, രാജ്യത്തെ വിദ്യാഭ്യാസ രംഗത്തുനിന്നും ഗൂഗിള്‍ ആപ്ലിക്കേഷന്‍ പിന്‍‌വലിക്കണമെന്ന്! ഇപ്പോള്‍ മൈക്രോസോഫ്റ്റിന്‍റെയുള്ളില്‍ രണ്ടോ മൂന്നോ ‘ലഡ്ഡു’ പൊട്ടിക്കാണും എന്നുറപ്പ്. രാജ്യത്തെ വിദ്യാഭ്യാസ അപ്ലിക്കേഷനുകളില്‍ ആധിപത്യത്തിനായി പടപൊരുതിവരികയാണ് മൈക്രോസോഫ്റ്റും ഗൂഗിളും. ഈയടുത്ത് മാത്രമാണ് ഇതിനാവശ്യമായ ലൈസന്‍സ് മൈക്രോസോഫ്റ്റ് സ്വന്തമാക്കിയത്.

നോര്‍ത്ത്‌വെസ്റ്റേണ്‍ സര്‍വ്വകലാശാലയില്‍ 2007 മുതലാണ് ഗൂഗിളിനെ ഉപയോഗിച്ചു തുടങ്ങിയത്. ഇമെയില്‍, കലണ്ടര്‍, ഡോക്യുമെന്‍റുകള്‍, ഇന്‍സ്റ്റന്‍റ് മെസ്സേജിംഗ് തുടങ്ങിയ ആവശ്യങ്ങള്‍ ഇവയില്‍ പ്രധാനം. പരീക്ഷാ വിജ്ഞാപനങ്ങള്‍, സെമിനാര്‍ അറിയിപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ മെയില്‍ വഴിയും ഇന്‍സ്റ്റന്‍റ് മെസ്സേജ് വഴിയുമാണ് വിദ്യാര്‍ത്ഥികള്‍ അറിയുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗൂഗിളിന്‍റെ മിണ്ടാട്ടം അപകടമായി മാറുന്നു.

എഴുതിയ അക്ഷരങ്ങള്‍ വായിച്ച് കേള്‍ക്കാന്‍ അന്ധരെ സഹായിക്കുന്ന ഒരു സോഫ്റ്റ്വെയറിനോടും പ്രതികരിക്കാന്‍ ഗൂഗിള്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നില്ലെന്ന് സംഘടനയുടെ നേതാവായ ക്രിസ് ഡാനിയേല്‍‌സണ്‍ പറഞ്ഞു. ഇതുസംബന്ധിച്ച പരാതി കിട്ടിയതായി സര്‍വ്വകലാശാല അറിയിച്ചിട്ടുണ്ട്. പ്രശ്നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉല്‍പ്പന്നത്തിന്‍റെ ഗുണനിലവാരം കൂട്ടുവാന്‍ തങ്ങള്‍ പ്രതിബദ്ധരാ‍ണെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :