പ്രേതങ്ങള്‍ വിഹരിക്കുന്ന പ്രദേശങ്ങള്‍ ഇപ്പോഴുമുണ്ട് ! ; മറ്റെവിടെയുമല്ല... പിന്നെയോ ?

ഇരുട്ടുവീണാല്‍ ഇവിടെ തങ്ങുന്നത് സുരക്ഷിതമല്ലെന്ന് സര്‍ക്കാര്‍

സജിത്ത്| Last Modified ശനി, 12 ഓഗസ്റ്റ് 2017 (15:46 IST)
രാത്രിയില്‍ പ്രേതകഥ കേള്‍ക്കുന്നത് ഒരു പ്രത്യേക സുഖമാണ്. അതായത് പേടിയുടെ പ്രത്യേക സുഖം. ശ്വാസമടക്കിയിരുന്ന് ഒരിക്കലെങ്കിലും പ്രേതകഥകള്‍ കേള്‍ക്കാത്തവര്‍ കുറവാകും. ചില പ്രേതകഥകള്‍ കാലാകാലങ്ങളോളാം വാമൊഴിയായി പ്രചരിക്കും. ഏതെങ്കിലും കാലത്ത് നടന്ന എന്തെങ്കിലും സംഭവത്തിന്റെ ഒരു പാശ്ചാത്തലവും ഇതിനുണ്ടാകും. യുക്തിയുടെ അരിപ്പയില്‍ അരിച്ചാല്‍ പലപ്പോഴും ഈ കഥകള്‍ക്കൊന്നും തന്നെ നിലനില്‍പ്പുണ്ടാവില്ലെന്നതാണ് സത്യം.

തിരുവനന്തപുരത്ത് പടിഞ്ഞാറേക്കോട്ട മുതല്‍ ഈഞ്ചയ്ക്കല്‍ വരെയുള്ള റോഡിലൂടെ രാത്രികാലങ്ങളില്‍ അംഗരക്ഷകരുടെ സഹായത്തോടെ പല്ലക്കിലെത്തിയതായി പറയപ്പെടുന്ന പ്രേതത്തിന്റെ കഥ മുത്തശിമാരുടെ മാത്രം സമ്പാദ്യമാണ്. പാതി ചരിത്രവും കഥാരചനാപാടവവും ചേര്‍ന്ന ഇത്തരം കഥകള്‍ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലെയും തദ്ദേശീയ വാസികള്‍ അവരുടേതായ രീതിയില്‍ പ്രചരിപ്പിച്ച സംഭ്രമജനകമായ ചില പ്രേതകഥകള്‍ വായിക്കാം...

ഇരുട്ടുവീണാല്‍ ഇവിടെ തങ്ങുന്നത് സുരക്ഷിതമല്ലെന്ന് സര്‍ക്കാരും?

രാജസ്ഥാനിലെ ഒരു വരണ്ടപ്രദേശമാണ് ഭംഗ്രാ. മുഗള്‍ രാജാവായ മാന്‍ സിംഗിന്റെ മകനായ മാധോസിംഗ് നിര്‍മ്മിച്ച ഒരു കൊട്ടാരമാണ് ഈ ഗ്രാമത്തിന്റെ ആകര്‍ഷണം. എന്നാല്‍ ഈ കോട്ടയെപ്പറ്റി കാലാകാലങ്ങളായി വളരെ പേടിപ്പെടുത്തുന്ന കഥകളാണ് ഗ്രാമവാസികളോട് ചോദിച്ചാല്‍ പറയാനുണ്ടാവുക. എന്തിന് സര്‍ക്കാര്‍ പോലും രാത്രി ഈ പരിസരങ്ങളില്‍ തങ്ങുന്നത് സുരക്ഷിതമല്ലെന്ന് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നുവെന്ന് ചിലര്‍ ചൂണ്ടിക്കാട്ടും.

ഗുരു ബാലുനാഥിന്റെ ശാപത്തെക്കുറിച്ചാണ് ഇവര്‍ക്ക് പറയാനുള്ളത്- ‘കൊട്ടാരങ്ങളുടെ നിഴലുകള്‍ എന്നെ എപ്പോള്‍ സ്പര്‍ശിക്കുമോ അപ്പോള്‍ ഈ നഗരം നാമവശേഷമാകുമെന്ന് ബാലുനാഥ് പറഞ്ഞിരുന്നുവത്രെ. അദ്ദേഹത്തിന്റെ സമാധിയും അവിടെ ഉണ്ടത്രെ.

മറ്റൊരു കഥ എന്താണെന്നുവച്ചാല്‍ മഹാമാന്ത്രികനായ സിംഘാനിയ രാജകുമാരിയായ രത്നാവതിയില്‍ അനുരക്തനായെന്നും തന്റെ മന്ത്രവാദം ഉപയോഗിച്ച് ഒരിക്കല്‍ സുഗന്ധതൈലം വാങ്ങാനെത്തിയ രാജകുമാരിയെ വശീകരിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ ഇതില്‍ പരാജയപ്പെട്ട് ഇയാള്‍ കൊല്ലപ്പെട്ടു. പിന്നീട് സിംഘാനിയയുടെ ദുര്‍മന്ത്രവാദത്തിന്റെ ശക്തി ഈ പ്രദേശത്തെ ബാധിച്ചുവെന്നും രാജകുടുംബമുള്‍പ്പടെയുള്ളവ പിന്നീട് കല്ലിന്‍‌മേല്‍ കല്ലുശേഷിക്കാതെ നശിച്ചു പോയതായും പറയപ്പെടുന്നു.

എന്നാല്‍ ധാരാളം വന്യമൃഗങ്ങള്‍ ഇവിടെ വിഹരിക്കുന്നുണ്ടെന്നും അതാണ് സര്‍ക്കാര്‍ ഇവിടെ പ്രവേശനം നിരോധിച്ച് ബോര്‍ഡ് സ്ഥാപിച്ചതെന്നും, ദ് ഹിസ്റ്ററി ചാനലിന്റെ ഒരു റിപ്പോര്‍ട്ടര്‍ ‘എ റോഡ് ലെസ് ട്രാവല്‍ വിത്ത് ജൊനാതന്‍ ലെഗ്സ്’ എന്ന പരിപാടിയില്‍ ഒരു രാത്രി ഇവിടെ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ലെന്നും പുരോഗമനവാദികളും പറയുന്നു.

അടക്കിപിടിച്ച സംസാരം മുഴങ്ങുന്ന ഡുമാസ് ബീച്ച്:

ഗുജറാത്തിലെ സൂറത്തിലെ പ്രശസ്തമായ ബീച്ചാണ് ഡുമാസ് ബീച്ച്. ഇപ്പോള്‍ ധാരാളം വിനോദസഞ്ചാരികളെത്തുന്ന ഈ ബീച്ച് ഒരു കാലത്ത് ശവസംസ്കാരത്തിനു പേരു കേട്ടിരുന്നതാണ്. ബീച്ചിലെ കരിമണലില്‍ ആയിരകണക്കിന് മൃതശരീരങ്ങളാണ് പൊടിയായിച്ചേര്‍ന്നത്. ശവം സംസ്കരിക്കുന്ന സ്ഥലങ്ങളില്‍ ആത്മാക്കള്‍ വിഹരിക്കാറുണ്ടോയെന്ന് യുക്തിസഹമായി ചോദിച്ചാല്‍ കേട്ടുകേള്‍വി കഥകളല്ലാതെ ആര്‍ക്കും മറുപടി പറയാനാകില്ല.

എന്നാല്‍ ഈ ബീച്ച് പലപ്പോഴും അദൃശാത്മാക്കളുടെ വിഹാരത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടത്രെ. പല ദുരൂഹ ശബ്ദങ്ങളും അടക്കം പറച്ചിലുകളും ഇവിടെ വന്നിരിക്കുന്നവര്‍ കേള്‍ക്കാറുണ്ട്. ചിലപ്പോള്‍ ഇവിടെ അലഞ്ഞുതിരിയുന്ന നായ്ക്കള്‍ ഭീതിയോടെ ഓടിരക്ഷപ്പെടുന്നത് കണ്ടിട്ടുള്ളതായി തദ്ദേശീയരുടെ സാക്ഷ്യവുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :