Yashwasi Jaiswal: ടീമിനായി എല്ലാം നൽകിയിട്ടും തോൽവി മാത്രം, മത്സരം കഴിഞ്ഞും ഡഗൗട്ടിൽ നിന്നും പോവാതെ യശ്വസി ജയ്സ്വാൾ

അഭിറാം മനോഹർ| Last Modified ഞായര്‍, 20 ഏപ്രില്‍ 2025 (11:27 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ അവസാന ഓവറില്‍ 9 റണ്‍സ് നേടാനാകാതെ രാജസ്ഥാന്‍ റോയല്‍സ് അടിയറവ് പറഞ്ഞത് ആരാധകരെ നിരാശരാക്കുന്ന കാര്യമായിരുന്നു. സീസണില്‍ ജോസ് ബട്ട്ലറെയും ട്രെന്‍ഡ് ബോള്‍ട്ടിനെയും കൈവിട്ട രാജസ്ഥാനില്‍ ആരാധകരുടെ പ്രതീക്ഷ കുറവായിരുന്നുവെങ്കിലും വിജയിക്കാന്‍ കഴിയുമായിരുന്ന 2 മത്സരങ്ങളാണ് ടീം തുടര്‍ച്ചയായി കൈവിട്ടത്. തോല്‍വിയേക്കാള്‍ രാജസ്ഥാന്‍ ആരാധകരെ വേദനിപ്പിക്കുന്നത് ഇക്കാര്യമാണ്.


2 മത്സരങ്ങളിലും രാജസ്ഥാനായി അര്‍ധസെഞ്ചുറി പ്രകടനങ്ങള്‍ നടത്തിയും ടീമിനെ വിജയിപ്പിക്കാന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന് സാധിച്ചിരുന്നില്ല. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ 52 പന്തില്‍ 74 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനമാണ് യശ്വസി ജയ്‌സ്വാള്‍ കാഴ്ചവെച്ചത്. മത്സരത്തിന്റെ 18മത്തെ ഓവറില്‍ ജയ്‌സ്വാള്‍ മടങ്ങുമ്പോഴും മത്സരം രാജസ്ഥാന്റെ കൈകളിലായിരുന്നു. അവസാന ഓവറില്‍ 9 റണ്‍സെന്ന ചുരുങ്ങിയ വിജയലക്ഷ്യം നേടുന്നതില്‍ ടീം തുടര്‍ച്ചയായി രണ്ടാം വട്ടവും പരാജയപ്പെട്ടതോടെ ഡഗൗട്ടില്‍ മറ്റ് താരങ്ങള്‍ മടങ്ങിയിട്ടും നിരാശനായി ഇരിക്കുന്ന ജയ്‌സ്വാളിനെയാണ് കാണാനായത്.


ടീമിനായി തന്റെ മുഴുവന്‍ നല്‍കിയിട്ടും ടീം വിജയിക്കുന്നില്ല എന്നതില്‍ താരം നിരാശനാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ദൃശ്യങ്ങള്‍. അതേസമയം തോല്‍വിയുടെ ഉത്തരവാദിത്തം നായകന്‍ റിയാന്‍ പരാഗ് സ്വയം ഏറ്റെടുത്തു.
26 പന്തില്‍ 39 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന സെറ്റ് ബാറ്ററെന്ന നിലയില്‍ മത്സരം ഫിനിഷ് ചെയ്യുക എന്നത് തന്റെ കടമയായിരുന്നുവെന്നാണ് മത്സരശേഷം റിയാന്‍ പരാഗ് പ്രതികരിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :