അഭിറാം മനോഹർ|
Last Modified ഞായര്‍, 3 നവംബര്‍ 2024 (08:38 IST)
കഴിഞ്ഞ സീസണിൽ ഐപിഎൽ കിരീടം നേടികൊടുത്ത നായകനായിരുന്നിട്ടും ശ്രേയസ് അയ്യരെ എന്തുകൊണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കൈവിട്ടു എന്നതിനെ പറ്റി വെളിപ്പെടുത്തി ടീം സിഇഒ വെങ്കി മൈസൂർ. ശ്രേയസ് അയ്യരെ നിലനിർത്താൻ തന്നെയായിരുന്നു ടീം ആഗ്രഹിച്ചതെന്നും എന്നാൽ തീരുമാനം ശ്രേയസിൻ്റെ തന്നെയായിരുന്നുവെന്നും വെങ്കി മൈസൂർ വ്യക്തമാക്കി.
ശ്രേയസിനെ ടീമിൽ നിലനിർത്താനായിരുന്നു ടീമിന് താത്പര്യം. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട അംഗം തന്നെയായിരുന്നു ശ്രേയസ്. എന്നാൽ ഇടുവിൽ ഓരോരുത്തരും അവരവർക്ക് നല്ലതെന്ന് തോന്നുന്ന തീരുമാനമെടുക്കുകയും അവർക്ക് നല്ലതായി തോന്നുന്നതിൻ്റെ പിന്നാലെ പോവുകയും ചെയ്യുന്നു. വങ്കി മൈസൂർ പറഞ്ഞു.
അതേസമയം
ശ്രേയസ് അയ്യർ പ്രതിഫലമായി 30 കോടി രൂപ ആവശ്യപ്പെട്ടെന്ന തരത്തിലുള്ള വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് എന്നാൽ നിലവിലെ ഫോം വിലയിരുത്തുമ്പോൾ 12 കോടിയിൽ കൂടുതൽ ശ്രേയസിന് മുടക്കുന്നതിൽ കാര്യമില്ലെന്നാണ് ആരാധകർ പറയുന്നത്. 2022ൽ 12.25 കോടിയ്ക്കായിരുന്നു ശ്രേയസിനെ കൊൽക്കത്ത സ്വന്തമാക്കിയത്. ആ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇടയ്ക്കിടെയുള്ള പരിക്കുകൾ ശ്രേയസിനെ ബാധിച്ചു. കഴിഞ്ഞ സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തതിനെ തുടർന്ന് ശ്രേയസിനെ ബിസിസിഐ അവരുടെ സെൻട്രൽ കരാറിൽ നിന്നും ഒഴിവാക്കിയിരുന്നു.