അഭിറാം മനോഹർ|
Last Modified ബുധന്‍, 12 ഏപ്രില്‍ 2023 (13:26 IST)
ടി20 ക്രിക്കറ്റിൽ ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ച ഭാഗ്യമായാണ് സൂര്യകുമാർ യാദവിനെ വിശേഷിപ്പിക്കുന്നത്. 2021ൽ ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറിയത് മുതൽ താരത്തിന് തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല. ടി20യിൽ മധ്യനിര ബാറ്ററായി കളിക്കുന്ന താരമായിട്ടും ചുരുങ്ങിയ കാലത്തിനുള്ളിൽ 3 സെഞ്ചുറികളടക്കം 1675 റൺസാണ് വെറും 46 ഇന്നിങ്ങ്സിൽ നിന്നും താരം അടിച്ചെടുത്തത്. 175 എന്ന വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള സ്ട്രൈക്ക്റേറ്റിലാണ് ഇത്രയും റൺസ് താരം നേടിയത്.
ടി20യിലെ നിലവിലെ ഏറ്റവും മികച്ച താരമെന്ന വിശേഷണം സ്വന്തമാക്കിയപ്പോഴും മറ്റ് ക്രിക്കറ്റ് ഫോർമാറ്റുകളിൽ തിളങ്ങാൻ സൂര്യകുമാറിനായിട്ടില്ല. ഒരു ടെസ്റ്റിലും 23 ഏകദിനങ്ങളിലും താരത്തിന് അവസരം ലഭിച്ചെങ്കിലും താരത്തിന് ടി20യിലേത് പോലെ മികച്ച പ്രകടനം മറ്റ് ഫോർമാറ്റുകളിൽ കാഴചവെയ്ക്കാനായിട്ടില്ല. ഇംഗ്ലണ്ട് പോലുള്ള ക്രിക്കറ്റ് ടീമുകൾ ഒരു പ്രത്യേക ഫോർമാറ്റിൽ മാത്രം തിളങ്ങുന്ന താരങ്ങളെ ഫോർമാറ്റ് താരങ്ങളായി കണക്കാക്കി ടീം നിർമിക്കുമ്പോൾ എല്ലാ അച്ചിലേക്കും ഒരു താരം മാറണമെന്ന് വാശിപ്പിടിക്കുകയാണ് ഇന്ത്യൻ മാനേജ്മെൻ്റ് ചെയ്യുന്നത്.
ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന റിഷഭ് പന്ത് ടി20യിൽ പരജായമായിട്ടും വീണ്ടും വീണ്ടും അവസരം നൽകുന്നതും തനിക്ക് ഇതുവരെ തിളങ്ങാനാവാത്ത ഏകദിന ടീമിലേക്ക് സൂര്യകുമാർ യാദവിനെ പിന്നെയും പിന്നെയും പരിഗണിക്കുന്നതും ഇതിൻ്റെ ഭാഗമായാണ്. എന്നാൽ ഏകദിനത്തിൽ തുടർച്ചയായി 3 തവണ ഗോൾഡൻ ഡക്കായത് സൂര്യയുടെ ആത്മവിശ്വാസത്തെയാകെ ബാധിച്ചതായാണ് ഈ
ഐപിഎൽ നൽകുന്ന സൂചന. ഈ ഐപിഎല്ലിലെ മൂന്ന് മത്സരങ്ങളിലും തിളങ്ങാൻ സൂര്യയ്ക്ക് ആയിട്ടില്ല.
ആദ്യ മത്സരത്തിൽ 15 റൺസും രണ്ടാം മത്സരത്തിൽ ഒരു റൺസും മൂന്നാം മത്സരത്തിൽ ഗോൾഡൻ ഡക്കുമായാണ് സൂര്യ മടങ്ങിയിരിക്കുന്നത്. ടി20യിൽ തൻ്റെ ഫോമിൻ്റെ പീക്കിൽ നിൽക്കെയാണ് ഏകദിനത്തിലേറ്റ പരാജയം ടി20യിലേക്കും ബാധിച്ചിരിക്കുന്നത്. സ്പെഷ്യലിസ്റ്റ് ടി20 ബാറ്ററായി മാത്രം ഒരു താരത്തെ പരിഗണിക്കാമെന്നിരിക്കെ ഏകദിനത്തിൽ സൂര്യയേക്കാൾ മികച്ച സ്റ്റാറ്റിസ്റ്റിക്സ് ഉള്ള താരങ്ങൾ പുറത്തുനിൽക്കെ ബിസിസിഐ കാണിച്ച പരീക്ഷണങ്ങൾ സൂര്യയുടെ കരിയറിനെ തന്നെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികൾ.