അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 മെയ് 2023 (15:21 IST)
ഐപിഎല്‍ ഫൈനലില്‍ ഇന്നലെ പെയ്ത മഴയില്‍ ചോര്‍ന്നൊലിച്ചത് ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പുള്ള ലീഗെന്ന ഐപിഎല്ലിന്റെ വിശേഷണം. പല തവണ മഴ തടസ്സപ്പെടുത്തിയതോടെ പിച്ച് ഉണക്കാന്‍ ആധുനിക സംവിധാനങ്ങളൊന്നും ഇല്ലാതെ മണിക്കൂറുകളാണ് ഇന്നലെ വെറുതെ നഷ്ടമായത്. മത്സരത്തില്‍ ഗുജറാത്ത് 20 ഓവറില്‍ 214 എടുത്തെങ്കിലും വീണ്ടും മഴ കളിമുടക്കിയതോടെ മത്സരം 15 ഓവറാക്കി ചുരുക്കുകയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയമെന്ന ലേബലില്‍ കോടികള്‍ മുടക്കിയ മോദി സ്‌റ്റേഡിയത്തില്‍ ഗ്രൗണ്ട് ഉണക്കാന്‍ ആധുനിക സൗകര്യങ്ങളൊന്നും തന്നെ ലഭ്യമല്ലാതിരിക്കെ സ്‌പോഞ്ച് കൊണ്ടും ഹെയര്‍ ഡ്രയറുകൊണ്ടുമെല്ലാമാണ് ഗ്രൗണ്ട് സ്റ്റാഫുകള്‍ പിച്ചിലെ വെള്ളം ഒപ്പിയെടുത്തത്. ഈ വര്‍ഷം മീഡിയ റൈറ്റ്‌സിലൂടെ മാത്രം 45,000 കോടിക്ക് മുകളില്‍ നേടിയ ബിസിസിഐയ്ക്ക് ഒരു മഴ പെയ്താല്‍ പിച്ച് സംരക്ഷിക്കാനുള്ള സംവിധാനം പോലുമില്ലെന്ന കാഴ്ച ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ തുണിയുരിക്കുന്നതായിരുന്നു.
വരുമാനത്തില്‍ ഇന്ത്യയേക്കാള്‍ പലമടങ്ങ് പിന്നിലായ പല സ്‌റ്റേഡിയങ്ങളിലും ഗ്രൗണ്ടുകള്‍ പെട്ടെന്ന് തന്നെ ഉണക്കാനുള്ള സംവിധാനങ്ങള്‍ ലഭ്യമാകുമ്പോളാണ് പണക്കൊഴുപ്പിന്റെ മേളയായ ഐപിഎല്ലില്‍ ഇത്തരമൊരു ദയനീയമായ സ്ഥിതിയുണ്ടായത്. പണം മുഴുവന്‍ ബോര്‍ഡ് അധികൃതര്‍ തങ്ങളുടെ പോക്കറ്റിലേക്കാണ് എത്തിക്കുന്നതെന്നും ഗ്രൗണ്ടിലെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമല്ലെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പറയുന്നു.