രേണുക വേണു|
Last Modified വ്യാഴം, 14 ഓഗസ്റ്റ് 2025 (11:33 IST)
Sanju Samson: സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ താരത്തിനു വേണ്ടി ഇതുവരെ നടന്ന ട്രേഡിങ് ചര്‍ച്ചകളെല്ലാം പരാജയമെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട്. ഒന്നിലേറെ ഫ്രാഞ്ചൈസികളുമായി സഞ്ജുവിനായുള്ള ട്രേഡിങ് ചര്‍ച്ചകള്‍ രാജസ്ഥാന്‍ മാനേജ്‌മെന്റ് നടത്തിയെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സുമായി സഞ്ജുവിനെ ട്രേഡ് ചെയ്യാനാണ് രാജസ്ഥാന്‍ ആലോചിക്കുന്നത്. ഇതിനായി ചെന്നൈ മാനേജ്‌മെന്റിനോടു രഹസ്യ ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ സഞ്ജുവിനു പകരം രാജസ്ഥാന്‍ ചോദിച്ച താരങ്ങളെ വിട്ടുകൊടുക്കാന്‍ ചെന്നൈ തയ്യാറായില്ല.
നായകന്‍ ഋതുരാജ് ഗെയ്ക്വാദ്, ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ശിവം ദുബെ എന്നിവരുമായി സഞ്ജുവിനെ ട്രേഡ് ചെയ്യാമെന്ന സാധ്യതയാണ് രാജസ്ഥാന്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ മൂന്ന് താരങ്ങളെയും വിടാന്‍ ചെന്നൈ ഒരുക്കമല്ല. ഇതോടെ ചെന്നൈയുമായുള്ള ട്രേഡിങ് സാധ്യതകള്‍ അവസാനിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.