Royal Challengers Bengaluru: മുട്ടാൻ നിൽക്കണ്ട, ഇത് പഴയ ആർസിബിയല്ല, ഇത്തവണ കപ്പെടുത്തെ മടങ്ങു

RCB, IPL Playoff, IPL 2025
അഭിറാം മനോഹർ| Last Modified തിങ്കള്‍, 28 ഏപ്രില്‍ 2025 (20:27 IST)
RCB is rebranded EE saala Cup Namde
ഐപിഎല്ലില്‍ ഏറ്റവുമധികം ആരാധകരുള്ള ഫ്രാഞ്ചൈസികളില്‍ ഒന്നായിട്ടും ഇതുവരെയും ഒരു ഐപിഎല്‍ ട്രോഫി പോലും സ്വന്തമാക്കാന്‍ സാധിക്കാത്ത ടീമാണ് ആര്‍സിബി. വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് പോലുള്ള കരുത്തരുണ്ടായിട്ടും നിര്‍ഭാഗ്യം കൊണ്ടും മറ്റ് പല കാരണങ്ങള്‍ കൊണ്ടും ഇതുവരെയും ഐപിഎല്‍ ട്രോഫിയില്‍ മുത്തമിടാന്‍ കോലിയ്ക്കും സംഘത്തിനും ആയിട്ടില്ല.മുന്‍ സീസണുകളില്‍ സീസണ്‍ പകുതിയില്‍ ടൂര്‍ണമെന്റിലെ തങ്ങളുടെ സാധ്യതകള്‍ കാല്‍ക്കുലേറ്റര്‍ പരിശോധിക്കുന്നതായിരുന്നു ആര്‍സിബിയുടെ ശീലം. എന്നാല്‍ ഇത്തവണ ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ സന്തുലിതമായ ടീമാണ് ആര്‍സിബി.

ഇന്നലെ കരുത്തരായ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ തുടക്കത്തിലെ 3 വിക്കറ്റുകള്‍ പോയിട്ടും വളരെ അനായാസകരമായ വിജയമാണ് ആര്‍സിബി നേടിയെടുത്തത്. മത്സരശേഷം വിരാട് കോലി ടീമിന്റെ ബാറ്റിംഗ് ലൈനപ്പിനെ പറ്റി പറഞ്ഞ വാര്‍ത്തകള്‍ ആര്‍സിബിയുടെ ടീമിന്റെ കരുത്ത് പ്രഖ്യാപിക്കുന്നതായിരുന്നു. ടീമില്‍ ടിം ഡേവിഡിനെ പോലൊരു ഫിനിഷര്‍ നല്‍കുന്ന ബാലന്‍സ് ചെറുതല്ല. ഡേവിഡ് കളിച്ചില്ലെങ്കില്‍ പോലും ജിതേഷ് ശര്‍മ ടീമിലുണ്ട്. അവസാന ഓവറുകളില്‍ അനായസമായി റണ്‍സ് അടിച്ചെടുക്കുന്നതില്‍ റൊമരിയോ ഷെപ്പേര്‍ഡ് കൂടി നിരയിലുണ്ട്. ബൗളര്‍മാരുടെ കാര്യമാണെങ്കില്‍ ഭുവനേശ്വര്‍ കുമാറും ഹേസല്‍വുഡും ലോകോത്തര താരങ്ങളാണ്. സുയാന്‍ഷ് മികച്ച രീതിയില്‍ പന്തെറിയുന്നു.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്കായി മികച്ച പ്രകടനം നടത്തിയ ഓപ്പണര്‍ ഫില്‍ സാള്‍ട്ടും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്ങ്സ്റ്റണും നിറം മങ്ങിയ പ്രകടനമാണ് നടത്തുന്നതെങ്കിലും കോലി ഫോമില്‍ തിരിച്ചെത്തിയതോടെ ആര്‍സിബി അപകടകാരികളായി മാറികഴിഞ്ഞു. കോലിയ്‌ക്കൊപ്പം രജത് പാട്ടീധാറും ജിതേഷ് ശര്‍മയും ദേവ്ദത്ത് പടിക്കലും ഫിനിഷിംഗ് റോളില്‍ ടിം ഡേവിഡും മികച്ച പ്രകടനമാണ് നടത്തുന്നത്. ഇതിനൊപ്പം റൊമാരിയോ ഷെപ്പേര്‍ഡിനെ പോലെ ഒരു ഹിറ്റര്‍ കൂടി ബാറ്റിംഗ് നിരയില്‍ വരാനുണ്ട് എന്നത് ആര്‍സിബിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്.


ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ പുതിയ പ്രതീക്ഷയായ ജേക്കബ് ബേഥലും മികച്ച പ്രകടനം നടത്തുകയാണെങ്കില്‍ ശക്തമായ ബാറ്റിംഗ് നിരയായി മാറാന്‍ ആര്‍സിബിക്ക് കഴിയും. ബൗളിംഗില്‍ ഹേസല്‍വുഡും ഭുവനേശ്വര്‍ കുമാറും യാഷ് ദയാലും സുയാന്‍ഷ് ശര്‍മയും ഉള്ളതിനാല്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റും മുന്‍ സീസണുകളെ താരതമ്യം ചെയ്യുമ്പോള്‍ ശക്തമാണ്. യൂട്ടിലിറ്റി ബൗളര്‍, ബാറ്റര്‍ എന്ന നിലയില്‍ ക്രുണാല്‍ പാണ്ഡെയുടെ പ്രകടനങ്ങളും ആര്‍സിബി വിജയങ്ങളില്‍ നിര്‍ണായകമാണ്. നിലവിലെ പ്രകടനങ്ങള്‍ തുടരുകയാണെങ്കില്‍ ഈ സാല ആര്‍സിബി കൈവിടാന്‍ സാധ്യത വിരളമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :