Royal Challengers Bengaluru: കപ്പ് മോഹത്തിനു തിരിച്ചടി; ആര്‍സിബിക്ക് ഈ താരങ്ങള്‍ ഇല്ലാതെ കളിക്കേണ്ടി വരും !

ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ അഭാവമാണ് ആര്‍സിബിക്ക് ഏറ്റവും വലിയ തിരിച്ചടിയാകുക

Royal Challengers Bengaluru, RCB vs CSK in Chepauk, RCB vs CSK Match Result
RCB
രേണുക വേണു| Last Modified ചൊവ്വ, 13 മെയ് 2025 (10:06 IST)

Royal Challengers Bengaluru: ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഐപിഎല്‍ പുനരാരംഭിക്കുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാംപില്‍ ആശങ്ക. ഈ സീസണില്‍ കിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ആര്‍സിബിക്ക് ശേഷിക്കുന്ന മത്സരങ്ങളില്‍ പ്രമുഖ താരങ്ങള്‍ ഇല്ലാതെ ഇറങ്ങേണ്ടിവരും.

ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ അഭാവമാണ് ആര്‍സിബിക്ക് ഏറ്റവും വലിയ തിരിച്ചടിയാകുക. ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ഹെയ്‌സല്‍വുഡ് നാട്ടിലേക്ക് മടങ്ങി. താരം ഇപ്പോള്‍ പരുക്കിന്റെ പിടിയിലാണ്. അതുകൊണ്ട് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ ഹെയ്‌സല്‍വുഡ് തിരിച്ചെത്തില്ല. ഷോല്‍ഡറിലെ പരുക്കിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ആര്‍സിബിയുടെ മത്സരത്തില്‍ ഹെയ്‌സല്‍വുഡ് കളിച്ചിട്ടില്ല. ഹെയ്‌സല്‍വുഡിനു പകരം ലുങ്കി എങ്കിടി ആയിരിക്കും പ്ലേയിങ് ഇലവനില്‍ ഉണ്ടാകുക.

നായകന്‍ രജത് പാട്ടീദറിന്റെ അഭാവവും ആര്‍സിബിക്കു തിരിച്ചടിയാകും. കൈയ്ക്കു പരുക്കേറ്റ പാട്ടീദര്‍ വിശ്രമത്തില്‍ തുടരുകയാണ്. ചുരുങ്ങിയത് ഈ സീസണില്‍ ശേഷിക്കുന്ന രണ്ട് കളികളെങ്കിലും പാട്ടീദറിനു നഷ്ടമാകും. ഫില്‍ സാള്‍ട്ട് പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയാല്‍ ജേക്കബ് ബെതേല്‍ പാട്ടീദറിനു പകരം പ്ലേയിങ് ഇലവനില്‍ ഇറങ്ങും.

പരുക്കേറ്റ ദേവ്ദത്ത് പടിക്കല്‍ നേരത്തെ ഐപിഎല്ലില്‍ നിന്ന് പുറത്തായിരുന്നു. പടിക്കലിനു പകരം ടീമിലെത്തിയ മായങ്ക് അഗര്‍വാള്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. അഗര്‍വാള്‍ ബെഞ്ചില്‍ ഇരിക്കേണ്ടി വന്നാല്‍ യുവതാരം സ്വസ്തിക് ചിക്കാരയ്ക്കു അവസരം ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :